ഹാട്രിക് ഹിറ്റിനായി സൂര്യ- ഗൗതം മേനോന്‍ ടീം

single-img
18 April 2013

രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പാത പിന്തുടരാന്‍ കോളിവുഡിലെ പ്രിയ ജോഡി വീണ്ടുമെത്തുന്നു. സംവിധായകന്‍ ഗൗതം മേനോന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയ്‌ക്കൊപ്പം പുതിയ ചിത്രത്തിനായി കൈകോര്‍ക്കുമ്പോള്‍ ഹാട്രിക് വിജയമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബോക്‌സോഫീസിലും നിരൂപകര്‍ക്കിടയിലും ഉയരങ്ങള്‍ താണ്ടിയ കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ‘ ധ്രുവനച്ചത്തിരം’. ബോളിബുഡ് സുന്ദരി ദീപിക പദുകോണ്‍ ആണ് സൂര്യയുടെ നായികയായെത്തുന്നത്. ഓസ്‌കാര്‍ ജേതാവും സംഗീത മാന്ത്രികനുമായ എ.ആര്‍ . റഹ്മാനാകും ചിത്രത്തിനു സംഗീതമൊരുക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റോളിലേയ്ക്ക് ഹാരിസ് ജയരാജിന്റെ പേരും കേള്‍ക്കുന്നുണ്ട്. സൂര്യ-ഗൗതം ടീമിന്റെ ആദ്യ രണ്ടു ചിത്രങ്ങളിലും ഹാരിസ് ആയിരുന്നു സംഗീതമൊരുക്കിയത്. രണ്ടു പേരില്‍ ആരായാലും കോളിവുഡില്‍ മറ്റൊരു സംഗീത സാന്ദ്രമായ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം.

തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമായുള്ള സംവിധായകന്‍ എന്‍.ലിംഗുസ്വായുടെ പ്രോജക്ടിന് തല്കാലം അവധി പറഞ്ഞാണ് സൂര്യ തന്റെ പ്രിയ സുഹൃത്തു കൂടിയായ ഗൗതം മേനോന്റെ ധ്രുവനച്ചത്തിരം ഏറ്റെടുത്തത്. ജൂണ്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ഗൗതം മേനോന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

നിലവില്‍ സിങ്കം 2 ഷൂട്ടിങ്ങ് തിരക്കുമായി മലേഷ്യയിലാണ് സൂര്യ. ദീപിക പദുകോണിന്റെ രണ്ടാം തമിഴ് ചിത്രമാണ് ധ്രുവനച്ചത്തിരം. രജനീകാന്തിന്റെ നായികയായി കൊച്ചടയാന്‍ ആണ് ദീപികയുടെ ആദ്യ തമിഴ് സിനിമ. കൊച്ചടയാന്‍ റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.