പുനെ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം : പ്രതി കുറ്റക്കാരന്‍

single-img
16 April 2013

പുനെ : 2010 ഫെബ്രുവരിയില്‍ പതിനേഴു പേരുടെ ജീവനെടുത്ത ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗ് കുറ്റക്കാരന്‍. പുനെ സെഷന്‍സ് കോടതിയാണ് ബെയ്ഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി 18 ന് പ്രഖ്യാപിക്കും. കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് പുറമേ സ്‌ഫോടന നിയമപ്രകാരവും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസില്‍ പിടിയിലായ ഒരേ ഒരു പ്രതിയാണ് മിര്‍സ ഹിമായത്ത് ബെയ്ഗ്. 

ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ വിദേശികളാണ്. അറുപത്തിനാലു പേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. ലഷ്‌കര്‍ ഇ തൊയിബയും ഇന്ത്യന്‍ മുജാഹിദ്ദീനും ആസൂത്രിതമായി നടത്തിയ അമേരിക്കന്‍ പോലീസിന്റെ പിടിയിലുള്ള തഹാവൂര്‍ റാണ, ഡേവിഡ് ഹെഡ്‌ലി എന്നിവരും പങ്കാളികളാണ്. സ്‌ഫോടനം നടത്തി വിദേശികളുള്‍പ്പെടെയുള്ളവരെ വധിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന് സെഷന്‍സ് കോടതി ജഡ്ജി എന്‍.പി.ധോത്തെ നിരീക്ഷിച്ചു.
കേസില്‍ എഴു പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ പോലീസ് 2011 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്. യാസിന്‍ ഭട്കല്‍, മൊഹ്‌സിന്‍ ചൗധരി, റിയാസ് ഭട്കല്‍, ഇഖ്ബാല്‍ ഭട്കല്‍, ഫയ്യാസ് കഗ്‌സി, സബി അന്‍സാരി എന്നീ പ്രതികള്‍ ഒളിവിലാണ്. മുംബൈ നവംബര്‍ 26 സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ അബു ജിന്‍ഡാലും ഈ കേസില്‍ പ്രതിയാണ്. എന്നാല്‍ അയാളുടെ വിചാരണ ആരംഭിച്ചിട്ടില്ല.
മിര്‍സ ഹിമായത്ത് ബെയ്ഗ് മഹാരാഷ്ട്രയിലെ ഉദ്ഗീറില്‍ ഇന്റര്‍നെറ്റ് കഫേ നടത്തിവരുകയായിരുന്നു. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ബെയ്ഗിനു കഫേ തുടങ്ങാന്‍ ഭീകരസംഘടനകളാണ് സഹായം നല്‍കിയതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഈ കഫേയില്‍ വച്ചാണ് സ്‌ഫോടനത്തിനുപയോഗിച്ച ബോംബുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ശേഷം ബെയ്ഗ് ബോംബുമായി ബസ് മാര്‍ഗം പുനെയില്‍ എത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സ്‌ഫോടനത്തിനു ശേഷം ലത്തൂറിലെ ഒരു ബസ് സ്‌റ്റോപ്പില്‍ നിന്നാണ് ബെയ്ഗിനെ പോലീസ് അറസ്റ്റു ചെയ്തത്.