മുഷറഫിനു തിരിച്ചടി

single-img
16 April 2013

ഇസ്ലാമാബാദ് : പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സജീവ രാഷ്ട്രീയത്തിലേയ്ക്ക് തിരികെയെത്താമെന്ന പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മോഹത്തിന് തിരിച്ചടി. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുഷറഫ് സമര്‍പ്പിച്ചിരുന്ന പത്രികകള്‍ എല്ലാം തള്ളി. നാലു മണ്ഡലങ്ങളിലാണ് ജനവിധി തേടാനായി മുഷറഫ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്. കറാച്ചി, കസൂര്‍, ഇസ്ലാമാബാദ് എന്നീ മണ്ഡലങ്ങളില്‍ മുഷറഫിന്റെ പത്രിക റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ തള്ളിയപ്പോള്‍ അവസാന പ്രതീക്ഷയായിരുന്ന ചിത്രാല്‍ മണ്ഡലത്തിലെ നാമനിര്‍ദേശ പത്രിക പെഷവാര്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ ആണ് തള്ളിയത്.
മൂന്നു മണ്ഡലങ്ങളില്‍ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ പത്രിക തള്ളിയെങ്കിലും ചിത്രാലില്‍ സ്വീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഏതാനും അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. പാകിസ്ഥാന്‍ പ്രസിഡന്റായിരിക്കെ മുഷറഫ് പങ്കാളിയായ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതാണ് അദേഹത്തിനു തിരിച്ചടിയായത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, ബലൂച് ദേശീയവാദി അക്ബര്‍ ബുഗ്തി എന്നിവരുടെ കൊലപാതകങ്ങളുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മുഷറഫ്.
പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മുഷറഫ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. എന്നാല്‍ താലിബാനില്‍ നിന്നുള്ള വധഭീഷണി പോലും അവഗണിച്ചുള്ള വരവ് അദേഹത്തിന് നേട്ടമായില്ല.