കടല്‍ക്കൊല: എന്‍ഐഎ അന്വേഷണത്തിന് എതിരെ ഇറ്റലി, തീരുമാനം തിങ്കളാഴ്ച

single-img
16 April 2013

ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല ക്കേസിന്റെ തുടരന്വേഷണം ദേശിയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെ ഏല്‍പ്പിക്കുന്നതിനെതിരെ ഇറ്റലി. തുടര്‍ന്ന് അന്വേഷണ ഏജന്‍സിയെ തിങ്കാഴ്ച തീരുമാനിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷണത്തിനെതിരെ ഇറ്റലി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം അറിയിച്ചത്. 

ഈ മാസമാദ്യമാണ് കടല്‍ക്കൊല കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. തുടര്‍ന്ന് നാവികര്‍ക്കെതിരെ എന്‍ഐഎ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ഇറ്റലിയുടെ അതൃപ്തിയ്ക്ക് കാരണം. കടല്‍ക്കൊള്ളയും തീവ്രവാദവും അന്വേഷിക്കുന്ന ഒരു ഏജന്‍സി കടല്‍ക്കൊല കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് ഇറ്റലി വാദിച്ചത്. എന്നാല്‍ കേസിന്റെ അന്വേഷണം എന്‍ഐഎ ആരംഭിച്ചതായും രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐയെ ഈ കേസ് ഏല്‍പ്പിക്കുന്നതും സര്‍ക്കാര്‍ എതിര്‍ത്തു. എന്‍ഐഎ ആണ് കടല്‍ക്കൊല അന്വേഷിക്കാന്‍ അനുയോജ്യമായ ഏജന്‍സിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിന് കടല്‍ക്കൊലക്കേസില്‍ അന്വേഷണം നടത്താനുള്ള അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്.