ഡല്‍ഹിയിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനം

single-img
16 April 2013

ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഭൂചലനം. വൈകിട്ട് 4.20ഓടെയാണ് ഡല്‍ഹി, രാജസ്ഥാന്‍, പശ്ചിമ ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ നേരിയ ചലനമാണ് ഉണ്ടായത്. എന്നാല്‍ പാകിസ്ഥാന്‍ – ഇറാന്‍ അതിര്‍ത്തിയില്‍ ഉണ്ടായത് 7.8 തീവ്രതയിലുള്ള ശക്തമായ ഭൂമികുലുക്കമാണ്. ഇതിന്റെ തുടര്‍ ചലനമാണ് ഉത്തരേന്ത്യയിലും ദുബായ്, ഷാര്‍ജ, മസ്‌കറ്റ്, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. 

മുപ്പതു സെക്കന്റോളം നീണ്ടു നിന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഖാഷ് നഗരമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയില്‍ ഇനി തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം അറിയിച്ചു.