ബോസ്റ്റണ്‍ മാരത്തണിനിടയില്‍ സ്‌ഫോടനം ; മൂന്നു മരണം

single-img
16 April 2013

അമേരിക്കയെ ഞെട്ടിച്ച് രാജ്യത്ത് ഇരട്ടസ്‌ഫോടനം. ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ്ങ് ലൈനില്‍ നടന്ന സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 140 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്. ലോകത്തെ ഏറ്റവും വലിയ മാരത്തണ്‍ ആയി കണക്കാക്കപ്പെടുന്ന ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ്ങ് ലൈനിനു സമീപത്തായി രണ്ടിടത്താണ് സ്‌ഫോടനമുണ്ടായത്. ചവറ്റുപെട്ടികളിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. സംഭവസ്ഥലത്തു നടത്തിയ പരിശോധനയില്‍ പൊട്ടാത്ത നിലയില്‍ രണ്ടു ബോംബുകള്‍ കൂടി കണ്ടെടുത്തു.

മാരത്തണിന്റെ ആദ്യ സ്ഥാനങ്ങളില്‍ എത്തിയവര്‍ ഫിനിഷ് ചെയ്തു കഴിഞ്ഞ് രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് സ്‌ഫോടനമുണ്ടായത്. കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുത്ത മാരത്തണില്‍ നിലവധി പേര്‍ ഫിനിഷിങ്ങിനോട് അടുത്തെത്തിയ സമയത്തായിരുന്നു സ്‌ഫോടനം. കൂട്ടം കൂടി നിന്ന കാണികള്‍ക്കാണ് കൂടുതല്‍ അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്‌ഫോടനങ്ങള്‍ക്ക് ഉത്തവാദികളായവരെ കണ്ടെത്തി കനത്ത ശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. സ്‌ഫോടനത്തിനു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. രാജ്യം മുഴുവന്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്‌ഫോടനം സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടൊന്നും ലഭിച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം, സംഭവത്തില്‍ ഒരു സൗദി പൗരനെ സംശയിക്കുന്നതായും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.