സിറിയയില്‍ 57 പേര്‍ കൊല്ലപ്പെട്ടു

single-img
12 April 2013

syriaസിറിയയിലെ ദേരാ പ്രവിശ്യയിലെ രണ്ടു പട്ടണങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 57 പേര്‍ക്കു ജീവഹാനി നേരിട്ടു. 12 സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. സമീപമുള്ള സൈനിക ക്യാമ്പിലെ ഏതാനും പേര്‍ വിമതരോടൊപ്പം ചേര്‍ന്നതിനെത്തുടര്‍ന്നാണ് സൈന്യം ബുധനാഴ്ച ഈ മേഖലയില്‍ കനത്ത ആക്രമണം ആരംഭിച്ചത്. കൂറുമാറിയവര്‍ അല്‍സനാമിന്‍, ഗബാഗബ് പട്ടണങ്ങളില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പ്രസ്തുത പ്രദേശങ്ങളില്‍ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച നടന്ന അക്രമങ്ങളില്‍ മൊത്തം 179 പേര്‍ക്കു ജീവഹാനി നേരിട്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.