കേരളം ചുട്ടുപൊള്ളുന്നു; വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തിര ജില്ലാ പര്യടനത്തിന്

single-img
10 April 2013

Oommen_Chandy_(cropped)അടുത്ത വര്‍ഷങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ കേരളത്തില്‍ വേനല്‍ കടുക്കുന്നു. സംസ്ഥാനത്ത് ഇന്നലെ പത്തുപേര്‍ക്ക് സൂര്യാ ഘാതം ഏറ്റു. കൊല്ലത്തും അടൂരി ലുമാണ് ഇന്നലെ സൂര്യാ ഘാതമുണ്ടായത്.

അതിരൂക്ഷമായ വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സ്ഥിതിഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ 14 ജില്ലകളിലും സന്ദര്‍ശനം നടത്തും. 13 മുതല്‍ 22 വരെയാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഓരോ ജില്ലകളിലെയും വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. വരള്‍ച്ച നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് എം. ചന്ദ്രന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സഭാനടപടികള്‍ നിര്‍ത്തിവച്ചു രണ്ടു മണിക്കൂര്‍ വരള്‍ച്ചയെക്കുറിച്ചു നിയമസഭയില്‍ ചര്‍ച്ച നടന്നു.

മുഖ്യമന്ത്രിക്കൊപ്പം ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘത്തില്‍ റവന്യൂ, ജലവിഭവം, കൃഷി മന്ത്രിമാരുണ്ടാവും. കൂടാതെ വരള്‍ച്ചയെ നേരിടുന്നതിന്റെ ഭാഗമായി ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നിയമിച്ച മന്ത്രിമാരും അതതു ജില്ലകളിലെ എംപിമാരും എംഎല്‍എമാരും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.