റെയില്‍വേയില്‍ രാജ്യവ്യാപകമായി ടോള്‍ഫ്രീ നമ്പര്‍

single-img
9 April 2013

trainറെയില്‍വേയില്‍ രാജ്യവ്യാപകമായി ടോള്‍ഫ്രീ നമ്പര്‍ വരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് റെയില്‍വേയില്‍ മുഴുവന്‍സമയ ഹെല്‍പ്‌ലൈന്‍ നമ്പര്‍ ഉടന്‍ നടപ്പാക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍കൂടി കണക്കിലെടുത്താണിത്. ഓടുന്ന തീവണ്ടിയില്‍നിന്ന് ഒരാള്‍ പരാതിപ്പെട്ടാല്‍ അടുത്ത റെയില്‍വേസ്‌റ്റേഷനിലേക്ക് സന്ദേശമെത്തിച്ച് ഉടന്‍ നടപടിക്ക് നിര്‍ദേശിക്കും. യാത്രക്കാര്‍ക്ക് സുരക്ഷസംബന്ധമായ പ്രശ്‌നങ്ങളില്‍ വിളിക്കാനാണിത്. മോഷണം, അതിക്രമം തുടങ്ങിയ സംഭവങ്ങളുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഈ നമ്പര്‍ ഉപയോഗിക്കാം. ഇതിനായി മൂന്നക്കനമ്പര്‍ നല്‍കണമെന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പിനോട് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സി(ആര്‍.പി.എഫ്)ന് കീഴിലുള്ള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍ നല്‍കുക. ഡല്‍ഹി ദയാബസ്തിയില്‍ തുറക്കുന്ന കണ്‍ട്രോള്‍ റൂമില്‍ 30 ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുണ്ടാകും. സോണല്‍ ആസ്ഥാനങ്ങളും ഡിവിഷനുകളും കണ്‍ട്രോള്‍റൂമും ഉള്‍പ്പെടെ എല്ലാ ആര്‍.പി.എഫ്. കേന്ദ്രങ്ങളും ഹെല്‍പ്‌ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ 2220 തീവണ്ടികളില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസും 1275 വണ്ടികളില്‍ ആര്‍.പി.എഫുമാണ് സുരക്ഷ നോക്കുന്നത്.