യുഡിഎഫുമായി മാനസീകമായി ഏറെ അകന്നു; കെ.ആര്‍ ഗൗരിയമ്മ

single-img
8 April 2013

K.R.Gouri_Ammaയുഡിഎഫുമായി താന്‍ മാനസീകമായി ഏറെ അകന്നതായി ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. രാവിലെ തന്നെ വീട്ടിലെത്തി സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. മുക്കാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്തമായിട്ടാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

 

പി.സി ജോര്‍ജ് വിഷയത്തില്‍ യുഡിഎഫുമായി ഉടക്കി നില്‍ക്കുന്ന ജെഎസ്എസിനെ അനുനയിപ്പിക്കാനായിരുന്നു ചെന്നിത്തലയുടെ സന്ദര്‍ശനം. ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ജെഎസ്എസ് പങ്കെടുക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. അതേസമയം പി.സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഗൗരിയമ്മ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ താന്‍ അപൂര്‍വമായി മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്ന് പറഞ്ഞ ഗൗരിയമ്മ യുഡിഎഫിന്റെ ചുറ്റുപാടുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും തുറന്നടിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുവന്നതുകൊണ്ടാകും ഗൗരിയമ്മയ്ക്ക് അങ്ങനെ തോന്നുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. പി.സി ജോര്‍ജ് വിഷയത്തില്‍ കെപിസിസി ഉന്നതാധികാര സമിതിയും ഘടകകക്ഷി നേതാക്കളും ഗൗരിയമ്മയ്‌ക്കൊപ്പമായിരുന്നുവെന്നും അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ കടുത്ത തീരുമാനമെടുക്കരുതെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഗൗരിയമ്മയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ നല്‍കിയ ഉറപ്പുകള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഗൗരിയമ്മ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.