യുഎസ് നയതന്ത്ര പ്രതിനിധി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

single-img
8 April 2013

afganisthanഅഫ്ഗാനിസ്ഥാനിലെ സാബൂള്‍ പ്രവിശ്യയില്‍ ശനിയാഴ്ച താലിബാന്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ യുഎസ് നയതന്ത്ര പ്രതിനിധി ഉള്‍പ്പെടെ അഞ്ച് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ പത്തു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടു. സാബൂള്‍ പ്രവിശ്യയിലെ ക്വാലറ്റില്‍ ജൂണിയര്‍ നയതന്ത്ര പ്രതിനിധി ആന്‍ സ്‌മെഡിംഗോഫും സൈനികരും സഞ്ചരിച്ച വാഹനത്തിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവിശ്യാ ഗവര്‍ണര്‍ നസേറിയും ഏതാനും അഫ്ഗാന്‍കാരും മറ്റു വാഹനങ്ങളില്‍ യുഎസ് സംഘത്തെ അനുഗമിച്ചിരുന്നു. ഗവര്‍ണര്‍ക്ക് പരിക്കേറ്റിട്ടില്ല. കഴിഞ്ഞമാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഗൈഡും ഉപദേഷ്ടാവുമായിരുന്നു ആന്‍. ഷിക്കാഗോ സ്വദേശിനിയാണ്. ഒരു സ്‌കൂളിനു പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ പോയപ്പോഴാണ് ആനിന്റെ സംഘത്തിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്.