എട്ടു പേരുടെ വധശിക്ഷയ്ക്ക സ്റ്റേ

single-img
7 April 2013

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയ എട്ടു പേരുടെ വധശിക്ഷ സുപ്രീം കോടതി നാലാഴ്ചത്തേയ്ക്ക് സ്‌റ്റേ ചെയ്തു. വിവിധ കേസുകളില്‍ വധശിക്ഷ ലഭിച്ച സുരേഷ്, രാംജി, പ്രവീണ്‍ കുമാര്‍, ഗുര്‍മീത് സിങ്, സോണിയ, സഞ്ജീവ്, സുന്ദര്‍ സിങ്, ജാഫര്‍ അലി എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നതിനാണ് സ്റ്റേ. വ്യാഴാഴ്ചയാണ് രാഷ്ട്രപതി  ഇവരുടെ ദയാഹര്‍ജികള്‍ തള്ളിയത്.
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യം അവരുടെ കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ചോ എന്ന കാര്യം വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള മുന്‍ എംഎല്‍എയെയും മറ്റ് ഏഴ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സോണിയയും ഭര്‍ത്താവ് സഞ്ജീവും  ശിക്ഷിക്കപ്പെട്ടത്. 1989 ജൂണ്‍ 30ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് ഉത്തരാഖണ്ഡ് സ്വദേശി  സുന്ദര്‍ സിങിന് ശിക്ഷ ലഭിച്ചത്.  2002 ല്‍ ഭാര്യയെയും അഞ്ച് പെണ്‍ മക്കളെയും കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ജാഫര്‍ അലി, 1994 ല്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കര്‍ണാടക സ്വദേശിയായ പ്രവീണ്‍ കുമാര്‍, 1986 ല്‍ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ഗുര്‍മീത് സിങ്, ഇളയ സഹോദരന്റെ കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയവരാണ് സുരേഷും രാംജിയും.