ചാമ്പ്യന്‍സ് ട്രോഫിയ്ക്കും വീരുവില്ല

single-img
6 April 2013

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി വീരചരിതങ്ങള്‍ രചിച്ച നജഫ്ഗഡ് നവാബ് വീരേന്ദര്‍ സെവാഗിന് അടുത്ത കാലത്തൊന്നും ടീമിലേയ്ക്ക് മടങ്ങി വരാനാകില്ലെന്ന് ഉറപ്പായി. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യയുടെ മുപ്പതംഗ സാധ്യതാ ടീമില്‍ നിന്നും സെവാഗിനെ തഴഞ്ഞു. സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, മലയാളി പേസര്‍ എസ്.ശ്രീശാന്ത്, അടുത്ത സമയത്തായി മികച്ച ഇന്നിങ്ങ്‌സുകള്‍ കളിച്ച ചേതേശ്വര്‍ പൂജാര എന്നിവരും സാധ്യതാ ടീമില്‍ ഇടം കണ്ടില്ല.

മോശം ഫോം ആണ് സെവാഗിനെ അവഗണിയ്ക്കാന്‍ കാരണം. ആസ്‌ത്രേലിയയ്‌ക്കെതിരെ നടന്ന നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ നിന്നും അദേഹത്തെ ഒഴിവാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയാണ് സെവാഗ്. 2011 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വീരു 219 റണ്‍സെടുത്താണ് ടരിത്രം ചരിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കറിനു ശേഷം ഏകദിനത്തില്‍ ഇരട്ട ശതകം തികച്ച ഒരേ ഒരാളാണ് വീരു.

ജമ്മു കശ്മീരില്‍ നിന്നുള്ള ഓഫ് സ്പിന്നര്‍ പര്‍വേസ് റസൂല്‍, അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് തുടങ്ങിയ യുവരക്തങ്ങളും സാധ്യതാ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സീനിയര്‍ തലത്തിലേയ്ക്ക് പരഗണിക്കപ്പെടുന്ന ആദ്യ കശ്മീര്‍ താരമാണ് പര്‍വേസ് റസൂല്‍.

ജൂണ്‍ അഞ്ചിനാരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഒരു മാസം മുന്‍പായിരിക്കും അന്തിമ ടീം പ്രഖ്യാപിക്കുന്നത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബി യിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എ യില്‍ . ഇരു ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവര്‍ സെമിഫൈനലിലേയ്ക്ക് യോഗ്യത നേടും.
ഇന്ത്യ സാധ്യതാ ടീം : മഹേന്ദ്ര സിങ് ധോണി, മുരളി വിജയ്, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, ഉന്‍മുക്ത് ചന്ദ്, വിരാട് കോലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, മനോജ് തിവാരി, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, വൃദ്ധിമാന്‍ സാഹ, ദിനേശ്, കാര്‍തിക്, രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ജലജ് സക്‌സേന, പര്‍വേസ് റസൂല്‍, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അശോക് ഡിന്‍ഡ്, ഉമേഷ് യാദവ്, ഷാമി അഹമ്മദ്, ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, പ്രവീണ്‍ കുമാര്‍, ഇഷ്‌വാര്‍ പാന്‍ഡെ, സിദ്ധാര്‍ഥ് കൗള്‍