രാഹി വെടിവച്ചിട്ടത് ചരിത്രം

single-img
6 April 2013

ഷൂട്ടിങ്ങില്‍ മത്സരവേദികളില്‍ ലോകോത്തര നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാര്‍ നിരവധിയുണ്ട്. അവര്‍ക്കിടയില്‍ രാഹി സര്‍നോബത് എന്ന മഹാരാഷ്ട്രക്കാരി സ്വന്തമാക്കിയത് പുതിയ ചരിത്രം. പിസ്റ്റണ്‍ ഇനത്തില്‍ ലോകകപ്പ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് രാഹി. കൊറിയയിലെ ചാങ്‌വോനില്‍ നടക്കുന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ 25 മീറ്റര്‍ പിസ്റ്റണ്‍ ഇനത്തില്‍ രാഹി സ്വര്‍ണം വെടിവച്ചിട്ടത് കൊറിയന്‍ താരം കോന്‍ഗ്യ കിമിനെ 8-6 എന്ന പോയിന്റ് നിലയില്‍ പിന്തള്ളിയാണ്. ക്വാളിഫൈയിങ്ങ് റൗണ്ട് മുതല്‍ ഫൈനലില്‍ ഏഴു റൗണ്ടുകളില്‍ ആദ്യ അഞ്ചു റൗണ്ട് വരെയും കിം ആണ് മുന്നിട്ട് നിന്നത്. യോഗ്യതാ റൗണ്ടിലും സെമിഫൈനലിലും ഒന്നാം സ്ഥാനം നേടിയാണ് കൊറിയന്‍ താരം ഫൈനലിലെത്തിയത്. രാഹി യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനക്കാരിയായി സെമിയിലെത്തി. മികച്ച പ്രകടനത്തോടെ കിമിനു പുറകില്‍ രണ്ടാം സ്ഥാനക്കാരിയായി ഫൈനലിലേയ്ക്ക് കടക്കുകയായിരുന്നു. ഫൈനലില്‍ കിമിനെതിരെ മൂന്നു റൗണ്ടുകള്‍ രാഹി വിജയം നേടിയപ്പോള്‍ രണ്ടെണ്ണം കൊറിയന്‍ താരം നേടി. രണ്ടു റൗണ്ടുകള്‍ സമനിലയായിരുന്നു ഫലം.

അഞ്ജലി ഭഗവത്, ഗഗന്‍ നാരംഗ്, സഞ്ജീവ് രജ്പുത്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, റൊഞ്ജന്‍ സോധി മാനവ്ജിത് സിങ് സന്ധു എന്നീ ഇന്ത്യന്‍ താരങ്ങളാണ് ഇതിനു മുന്‍പ് ഷൂട്ടിങ്ങ് ലോകകപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയവര്‍. ഇവരെല്ലാം റൈഫിള്‍ ഷൂട്ടിങ്ങ് ഇനത്തിലാണ് സ്വര്‍ണം നേടിയത്.
മഹാരാഷ്ട്രയിലെ കോഹ്‌ലാപൂരില്‍ ജനിച്ച് വളര്‍ന്ന് ഇപ്പോള്‍ പൂനയില്‍ താമസിക്കുന്ന രാഹി 2010 ഡെല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടിയിരുന്നു. 2011 ല്‍ അമേരിക്ക ആതിഥ്യമരുളിയ ലോകകപ്പില്‍ വെങ്കലമായിരുന്നു രാഹിയുടെ നേട്ടം. കൊറിയയില്‍ സ്വര്‍ണം മേടാന്‍ സാധിച്ചത് സ്വപ്‌ന സാക്ഷാത്കാരം എന്നാണ് രാഹി വിശേഷിപ്പിച്ചത്. തന്റെ നേട്ടത്തിന് യുക്രൈന്‍കാരനായ കോച്ച് അനറ്റോളി പുദുബ്‌നിയ്ക്കാണ് രാഹി നന്ദി പറയുന്നത്.