ചൈനയിലെ നോക്കിയ ഷോറൂം പൂട്ടി

single-img
5 April 2013

മുന്‍നിര മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ചൈനയിലെ തങ്ങളുടെ ഷോറും അടച്ചു പൂട്ടി. ലോകത്തില്‍വച്ച് തന്നെ ഏറ്റവും വലിയ ഷോറൂം ആണ് ചൈനയിലെ ഷാങ്ഹായില്‍ നോക്കിയയ്ക്ക് ഉണ്ടായിരുന്നത്. റീട്ടെയ്‌ലര്‍ ഔട്ട്‌ലെറ്റുകള്‍, ഓപ്പറേറ്റര്‍മാര്‍ എന്നിവ വഴിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയുമായിരിക്കും ഭാവിയില്‍ ചൈനയില്‍ നോക്കിയ ഫോണുകളുടെ വ്യാപാരം നടക്കുന്നത്.

ലോക വിപണികളില്‍ ഏറ്റവും പ്രാധാന്യമേറിയവയില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ചൈനയില്‍ 2007 ലാണ് നോക്കിയ ഷോറൂം ആരംഭിച്ചത്. എന്നാല്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് നോക്കിയ മൊബൈലുകളുടെ വിപണനത്തില്‍ തുടര്‍ച്ചയായ ഇടിവുണ്ടായത് ഷോറൂം അടച്ചുപൂട്ടുന്നതിലേയ്ക്ക് നയിച്ചു. 2011 ന്റെ നാലാം പാദത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കച്ചവടമുണ്ടായിരുന്ന സ്ഥാനത്ത് 2012 നാലാം പാദത്തില്‍ വെറഉം 213 മില്യണ്‍ ഡോളര്‍ മാത്രമാണ് ചൈനയില്‍ നിന്നും ലഭിച്ചത്. നഷ്ടക്കണക്കുകള്‍ക്കിടയിലും പ്രധാന വിപണിയായ ചൈനയില്‍ നിന്നും പിന്‍വാങ്ങുന്നത് കൂടുതല്‍ ദോഷമുണ്ടാക്കുമെന്നതിനാലാണ് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ സാന്നിദ്ധ്യം നിലനിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. ചൈനയില്‍ മാത്രമല്ല, ആഗോള വിപണിയില്‍ മറ്റു പല ഭാഗത്തു നിന്നും നോക്കിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍, സാംസങ് ഫോണുകള്‍ വിപണി കീഴടക്കാന്‍ തുടങ്ങിയതോടെയാണ് നോക്കിയയുടെ ശനിദശയാരംഭിച്ചത്. നോക്കിയ ചൈനയിലെ ഷോറൂം അടച്ചു പൂട്ടുമ്പോള്‍ ആപ്പിള്‍ അവിടെ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ ലോകത്തെ ഒന്നാം നിര മൊബൈല്‍ കമ്പനിയായിരുന്ന നോക്കിയയുടെ കാലം എന്നെന്നേക്കുമായി അവസാനിക്കുന്നത് വിദൂരമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.