ഫെയ്‌സ്ബുക്ക് ഫോണിനൊപ്പം ‘ഹോം’ എത്തി

single-img
5 April 2013

ലോകം കാത്തിരുന്ന ഫെയ്‌സ്ബുക്ക് ഫോണ്‍ പുറത്തിറങ്ങി. കൂടെ ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ‘ഹോം’ അവതരിപ്പിക്കപ്പെട്ടു. ഫെയ്‌സ്ബുക്ക് ഹോംപേജുമായെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായ ‘എച്ച്റ്റിസി ഫസ്റ്റ്’ ഏപ്രില്‍ 12 മുതല്‍ വിപണിയിലെത്തും. ഫെയ്‌സ്ബുക്ക് ആസ്ഥാനമായ മെന്‍ലോ പാര്‍ക്ക് കാമ്പസില്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് പുതിയ ഫോണും ആപ്ലിക്കേഷനും ലോകത്തിനു പരിചയപ്പെടുത്തിയത്.
ഗൂഗിളിനു വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് ഹോം കൊണ്ടുവന്നിരിക്കുന്നത്. ഫോണിന്റെ ഹോം പേജില്‍ തന്നെ മെസ്സേജ്, ഫോട്ടോ, സ്റ്റാറ്റസ് അപ്‌ഡേറ്റ് തുടങ്ങിയ എന്നിവ ഉള്‍ക്കൊള്ളുന്ന കവര്‍ ഫീഡ്, നവീനമായ ചാറ്റ് ഹെഡ് എന്നിവയാണ് ഹോം ആപ്ലിക്കേഷന്റെ പ്രത്യേകതകള്‍ സാധാരണ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഫെയ്‌സ്ബുക്കിന്റെ ഹോം എന്ന സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍ ശരിയാണെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടാല്‍ തന്നെ വ്യക്തം.
2012 അവസാനമായപ്പോഴേക്കും യൂസര്‍മാരില്‍ 70% പേരും മൊബൈല്‍ സങ്കേതങ്ങളായ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവ വഴിയാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ആകെയുള്ള ഒരു ബില്യണ്‍ ഫെയ്‌സ്ബുക്ക് യൂസര്‍മാരില്‍ 157 മില്യണ്‍ പേരും മൊബൈല്‍ ഫോണ്‍ മാത്രമാണ് ആശ്രയിക്കുന്നത്. ഈ കണക്കാണ് സ്വന്തമായൊരു സ്മാര്‍ട്ട്‌ഫോണും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും വികസിപ്പിക്കാന്‍ കമ്പനിയ്ക്ക് പ്രേരണയായത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പുതുമയാര്‍ന്ന ഒരു അനുഭവമാക്കാന്‍ എച്ച്ടിസി ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണും ഹോം ആപ്ലിക്കേഷനും സഹായകമാകും എന്നതില്‍ സംശയമില്ല.

ഏപ്രില്‍ 12 മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ‘ഹോം’ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. എച്ച്റ്റിസി വണ്‍ എക്‌സ്, എച്ച്റ്റിസി വണ്‍ എക്‌സ്+, സാംസങ് ഗാലക്‌സി എസ് III , സാംസങ് ഗാലക്‌സി നോട്ട് II എന്നിവയില്‍ ഹോം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഏതാനും മാസങ്ങള്‍ക്കകം മറ്റു ഫോണുകളിലും ഹോം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
എച്ച്റ്റിസി ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണില്‍ 4.3 ഇഞ്ച് ഡിസ്‌പ്ലേ, 1.4GHZb ഡ്യുല്‍ കോര്‍ ക്വോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസ്സര്‍, 16 GB സ്റ്റോറേജ്, 5 മെഗാ പിക്‌സല്‍ ക്യാമറ, 1.6 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 1 GB റാം, കസ്റ്റമൈസ്ഡ് ആന്‍്‌ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം എന്നീ സവിശേഷതകളുണ്ടാകും. 100 ഡോളര്‍ അമേരിക്കന്‍ വിപണിയില്‍ എച്ച്റ്റിസി ഫസ്റ്റിന്റെ ആദ്യ വില. യൂറോപ്യന്‍ വിപണിയില്‍ ഉടന്‍ തന്നെ ഫോണ്‍ എത്തുമെങ്കിലും കൃത്യമായ സമയം അറിയിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയിലും ഫോണിന്റെ ലഭ്യത എന്നുണ്ടാകുമെന്ന കാര്യം വ്യക്തമല്ല.