പാര്‍ട്ടിയ്ക്ക് മന്ത്രി വേണ്ട, ഗണേഷിനു എംഎല്‍എ ആയി തുടരാം : ബാലകൃഷ്ണ പിള്ള

single-img
4 April 2013

കെ.ബി.ഗണേഷ് കുമാര്‍ രാജിവച്ചതിനു പകരമായി കേരള കോണ്‍ഗ്രസ്(ബി)യ്ക്ക് പുതിയ മന്ത്രിയെ വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ആര്‍. ബാലകൃഷ്ണ പിള്ള. ഒഴിവു വന്ന വകുപ്പുകള്‍ ഘടക കക്ഷകികള്‍ക്ക് വിട്ടു നല്‍കാതെ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനം ഗണേഷ് കുമാര്‍ തത്കാലം രാജിവയ്‌ക്കേണ്ടതില്ല. എന്നാല്‍ താനാണ് പാര്‍ട്ടി എന്ന് ഗണേഷ് പറയുന്നത് സമനില തെറ്റിയതിനാലാണ്. പാര്‍ട്ടിയില്‍ വെറും അഞ്ചു രൂപ മെമ്പര്‍ മാത്രമാണ് ഗണേഷ്. പാര്‍ട്ടി പറഞ്ഞിട്ടല്ല മന്ത്രി സ്ഥാനം രാജിവച്ചത്. സഹികെട്ട് മുഖ്യമന്ത്രി പുറത്താക്കുകയാണ് ചെയ്തത്. 

പത്തനാപുരത്ത് ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. എന്നാല്‍ മത്സരിക്കുകയോ മന്ത്രിയാകുകയോ ചെയ്യില്ല. ഇതിനായി പാര്‍ട്ടി ഒരാളെ കണ്ടുവച്ചിട്ടുണ്ട്.
ഗണേഷ് – യാമിനി പ്രശ്‌നത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗൂഡാലോചനയെക്കുറിച്ച് ഗണേഷും പറഞ്ഞത് അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു.
ഗണേഷ് ഭരിച്ച വകുപ്പുകള്‍ അഴിച്ചു പണിയണമെന്നും ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.