വര്‍ണാഭം

single-img
3 April 2013

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വര്‍ണപ്രഭയില്‍ കുളിച്ചു നിന്നു. ക്രിക്കറ്റെയിന്‍മെന്റ് എന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ വിസ്മയ പ്രകടനങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിനു വര്‍ണാഭമായ തുടക്കമായി. ഉദ്ഘാടന വേദിയില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥരിലൊരാളും ബോളിവുഡിന്റെ ബാദ്ഷായുമായ ഷാരൂഖ് ഖാന്‍ ആയിരുന്നു. 299170_637385319621087_682161226_n

രവീന്ദ്ര സംഗീതത്തിന്റെ നൃത്താവിഷ്‌കാരവുമായാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഒന്‍പതു ടീമിന്റെ നായകന്‍മാര്‍ വേദിയിലെത്തി. മൈതാനത്ത് ബലൂണിലൂടെ പറന്നിറങ്ങിയ സുന്ദരിയില്‍ നിന്ന് നിലവിലെ വിജയികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ ഗൗതം ഗംഭീര്‍ ടൂര്‍ണമെന്റ് ഐപിഎല്‍ ട്രോഫി ഏറ്റുവാങ്ങി. ഒന്‍പതു നായകരും ബിസിസിഐ അദ്യക്ഷന്‍ എന്‍.ശ്രീനിവാസനും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവര്‍ അണിനിരന്നു.
ഷാരൂഖിനൊപ്പം ബോളിവുഡ് സുന്ദരികളായ ദീപിക പദുകോണും കത്രീന കൈഫും വേദിയില്‍ നൃത്തമാടി. കൂടാതെ മുന്നോറോളം നല്‍ത്തകരുടെ മാസ്മരിക പ്രകടനങ്ങളും പരിപാടിയുടെ മാറ്റു കൂട്ടി. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹരി, പ്രശസ്ത ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ ഇന്ത്യന്‍ വിരുന്നൊരുക്കിയപ്പോള്‍ പ്രശസ്ത റാപ് ഗായകന്‍ പിറ്റ്ബുള്‍ വേദിയില്‍ റാപ് സംഗീതത്തിന്റെ മായിക ലോകം തന്നെ തീര്‍ത്തു. പരിപാടിയ്ക്ക് അവസാനം കുറിച്ച് കൊണ്ട് ഷാരൂഖ് സൗത്ത് കൊറിയന്‍ പോപ് ഗായകന്‍ പിഎസ്‌വൈയുടെ ഗങ്‌നം സ്റ്റൈല്‍ ഗാനത്തിനു ചുവടുവച്ചു. അക്ഷരാര്‍ത്ഥത്തില്‍ മികച്ചൊരു തുടക്കം തന്നെ ഇത്തവണത്തെ ഐപിഎല്ലിനു ലഭിച്ചു. നിലവിലെ ചാമ്പ്യന്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ വച്ച് ടൂര്‍ണ്ണമെന്റിനു തുടക്കമാകുമെന്നതിനാലാണ് ഇത്തവണ കൊല്‍ക്കത്തയില്‍ ഐപിഎല്ലിനു തുടക്കമായത്.