ബാഴ്‌സയ്ക്ക് സമനില കുരുക്ക്

single-img
3 April 2013

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദ മത്സരത്തിന്റെ അവസാന നിമിഷം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ജയം കൈവിട്ടു. 2-1 നു മുന്നിട്ടു നിന്ന ബാഴ്‌സയെ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജര്‍മ്മൈന്‍ (പിഎസ്ജി) ഇഞ്ചുറി ടൈംമില്‍ നേടിയ ഗോളിലൂടെ സമനിലയില്‍ (2-2) കുരുക്കി.

തുടര്‍ച്ചയായ ആറാം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ സ്വപ്‌നം കാണുന്ന ബാഴ്‌സയ്ക്കു വേണ്ടി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയാണ് ആദ്യം പിഎസ്ജിയുടെ വല കുലുക്കിയത്. മുപ്പത്തി എട്ടാം മിനിറ്റില്‍ ഡാനി ആല്‍വ്‌സിന്റെ പാസില്‍ നിന്നാണ് മെസ്സിയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ 80 ാം മിനിറ്റിലാണ് പിഎസ്ജി ഗോള്‍ മടക്കിയത്. സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിന്റെ ഗോള്‍ ബാഴ്‌സ പോസ്റ്റിലേയ്ക്ക് പാഞ്ഞു കയറിയതോടെ മത്സരം സമനിലയിലെത്തി. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ അലക്‌സിസ് സാഞ്ചസിനെ പിഎസ്ജി ഗോളി സാല്‍വത്തോര്‍ സിരിഗു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി സാവി ഗോളാക്കി മാറ്റിയതോടെ ബാഴ്‌സ വിജയമുറപ്പിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം മറ്റിയൂഡിയുടെ ഗോള്‍ കഴി സമനിലയിലെത്തിച്ചു.
കളിക്കിടെ കാല്‍മുട്ടിനു പരുക്കേറ്റതിനെത്തുടര്‍ന്ന് ഒന്നാം പകുതിയ്ക്കു ശേഷം കളിക്കാനിറങ്ങിയില്ല. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക് ദെസ് പ്രിന്‍സെസില്‍ നടന്ന മത്സരത്തില്‍ വിജയം നേടാനായിരുന്നെങ്കില്‍ എവേ മത്സരത്തില്‍ ജയം നേടിയതിന്റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തില്‍ ബാഴ്‌സയ്ക്ക് നൗ കാംപില്‍ കളിക്കാന്‍ ഇറങ്ങാമായിരുന്നു.