കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 78 ലക്ഷം രൂപ വിനോദനികുതി നല്‍കണം

single-img
2 April 2013

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിനു തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു 78 ലക്ഷം രൂപയുടെ വിനോദനികുതി ബില്‍. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് എത്രയും പെട്ടെന്ന് തുക അടക്കണമെന്ന മുന്നറിയിപ്പുമായി നോട്ടീസ് അയച്ചിരിക്കുന്നത്. ടീമിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലെ 65,000 വരുന്ന സീറ്റിങ്ങ് കപ്പാസിറ്റിയനുസരിച്ചാണ് നികുതിയായി അടയ്‌ക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സമയത്തെ നികുതിയില്‍ അന്‍പതു ലക്ഷം രൂപ ഇനിയും അടച്ചിട്ടില്ല. ഇതും എത്രയും വേഗം അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേഡിയത്തില്‍ മത്സരം നടക്കുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതു മുതല്‍ മത്സരശേഷമുള്ള വൃത്തിയാക്കല്‍ വരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആണ് ചെയ്യുന്നത്. ഇതിനായി ചെലവഴിക്കേണ്ട തുകയാണ് നികുതിയിനത്തില്‍ അടയ്ക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. നികുതിയിനത്തില്‍ മുടക്കം വന്ന തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.