ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്രമോഡി പിടിമുറുക്കുന്നു

single-img
1 April 2013

narender_modi_awardബി.ജെ.പിയുടെ ദേശീയ രാഷ്ട്രീയത്തില്‍ മോഡീയിസം ചുവടുറപ്പിക്കുന്നതിന്റെ സൂചനയുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ബിജെപി ദേശീയ നേതൃസമിതി കള്‍ പുനഃസംഘടിപ്പിച്ചു. ആറു വര്‍ഷത്തിനു ശേഷമാണു നരേന്ദ്ര മോഡിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ത്തുന്നത്. മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സോഹ്‌റാബുദ്ദീന്‍ വധക്കേസിലെ പ്രതിയുമായ അമിത് ഷാ, തീവ്ര ഹിന്ദുത്വവാദിയായി അറിയപ്പെടുന്ന യുവനേതാവ് വരുണ്‍ ഗാന്ധി എന്നിവരെ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലും അടുത്തിടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ഉമാ ഭാരതി, മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്ന സ്മൃതി ഇറാനി എന്നിവരെ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലും ഉള്‍പ്പെടുത്തി.

കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിനെ അച്ചടക്ക സമിതിയില്‍നിന്ന് ഒഴിവാക്കി ദേശീയ എക്‌സിക്യൂട്ടീവിലെ സ്ഥിരം ക്ഷണിതാവാക്കിയപ്പോള്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിനെ ദേശീയ സെക്രട്ടറിയാക്കി ഉയര്‍ത്തി. കേരളത്തില്‍നിന്നു പി. പരമേശ്വരനും ഒ. രാജഗോപാലിനും ശേഷം ദേശീയ ഭാരവാഹിയാകുന്ന നേതാവാണ് പി.കെ. കൃഷ്ണദാസ്. സി.കെ. പത്മനാഭനും ശോഭ സുരേന്ദ്രനും 80 അംഗ ദേശീയ നിര്‍വാഹകസമിതിയില്‍ ഇടംപിടിച്ചു. സംസ്ഥാന വക്താവായ ജോര്‍ജ് കുര്യനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും എക്‌സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാക്കളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ദേശീയ നിര്‍വാഹകസമിതി അംഗമായിരുന്ന മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല.