മന്ത്രി ഗണേഷ് രാജിവച്ചു; മന്ത്രിസഭ ആടിയുലയുന്നു

single-img
1 April 2013

Ganesh-Kumar00കുറച്ചു ദിവസമായി സംസ്ഥാനത്തേയും യു.ഡി.എഫിനെയും പിടിച്ചുകുലുക്കിയ ഗണേഷ്‌കുമാര്‍- യാമിനി പ്രശ്‌നത്തിനൊടുവില്‍ മന്ത്രിയുടെ രാജി. വനം, സ്‌പോര്‍ട്‌സ്, സിനിമാ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കെ.ബി. ഗണേഷ്‌കുമാര്‍ രാജിവച്ചു. ഇന്നലെ രാത്രി 11.33നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തി രാജിക്കത്തു കൈമാറുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലാണു രാജിക്കത്ത് തയാറാക്കിയത്. മുഖ്യമന്ത്രി രാജി സ്വീകരിക്കാന്‍ കത്ത് ഗവര്‍ണര്‍ക്കു കൈമാറി.

രാത്രി വൈകി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അതിനുശേഷമാണു കാര്യങ്ങള്‍ വഷളാകുന്നതിനു മുമ്പു മന്ത്രി രാജിവയ്ക്കുന്നതിനുള്ള തീരുമാനം ഉണ്ടായത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍നിന്നു രാജിവയ്ക്കുന്ന ആദ്യ മന്ത്രിയാണു ഗണേഷ്‌കുമാര്‍. അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു.

യാമിനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനുശേഷം നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഗണേഷ്‌കുമാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ഷിബു ബേബി ജോണും ഗണേഷിനൊപ്പമുണ്ടായിരുന്നു.

നിയമസഭയില്‍ ഇന്നു പ്രതിപക്ഷം വിഷയം ഉന്നയിക്കും. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ആളിക്കത്താനാണു സാധ്യത. യാമിനിയുടെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയെക്കൂടി കുറ്റപ്പെടുത്തിയതോടെ മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.