യുഎസ് പാര്‍ലമെന്റംഗങ്ങള്‍ മോഡിയെ സന്ദര്‍ശിച്ചതു വിവാദമായി

single-img
31 March 2013

Narendra Modiഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വീസ നിഷേധിച്ച യുഎസിലെ പാര്‍ലമെന്റംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതു വിവാദമായി. മോഡിക്കു വീസ നേടിയെടുക്കാനും ഗുജറാത്തിലെ വികസനത്തിനു സര്‍ട്ടിഫിക്കറ്റു ലഭിക്കാനും പണംമുടക്കി യുഎസ് പാര്‍ലമെന്റംഗങ്ങളെ കൊണ്ടുവന്നുവെന്നാണ് ആരോപണം. സംഘത്തിലുണ്ടായിരുന്ന ഓരോരുത്തര്‍ക്കും 3000 ഡോളര്‍ (1.63 ലക്ഷം രൂപ) മുതല്‍ 16,000 ഡോളര്‍വരെ( 8.68 ലക്ഷം രൂപ) വരെ നല്കിയാണ് സന്ദര്‍ശനം സംഘടിപ്പിച്ചതെന്ന് ആരോപിക്കപ്പെടുന്നു. യുഎസ് പാര്‍ലമെന്റംഗങ്ങള്‍ ആരോപണം നിഷേധിച്ചു.

യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളായ ആരണ്‍ ഷോക്, സിന്തിയ ലുമ്മിസ്, കാത്തി എം. റോഡ്‌ഗേഴ്‌സ് എന്നിവരാണു ബിസിനസ് സംഘത്തിനൊപ്പം വ്യാഴാഴ്ച മോഡിയെ കണ്ടത്. മോഡിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ഇവര്‍ അദ്ദേഹത്തെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും വീസ അനുവദിക്കാന്‍ പരിശ്രമിക്കുമെന്നു വാഗ്ദാനം നല്കുകയും ചെയ്തു. മോഡിയുടെ വീസയ്ക്കുവേണ്ടിയും പബ്ലിസിറ്റിക്കുവേണ്ടിയും യുഎസ് പാര്‍ലമെന്റംഗങ്ങള്‍ക്കു പണംകൊടുക്കേണ്ടിവന്നതു നാണക്കേടാണെന്നു കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി ആരോപിച്ചു. ആരോപണം നിഷേധിച്ച ബിജെപി, അമേരിക്കക്കാര്‍വന്നത് സ്വന്തം പണം മുടക്കിയാണെന്നു പ്രതികരിച്ചു.