സ്ത്രീധന പീഡനം : ഒഡിഷ മുന്‍മന്ത്രിയും ഭാര്യയും അറസ്റ്റില്‍

single-img
30 March 2013

സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന മരുമകളുടെ പരാതിയില്‍ ഒഡിഷ മുന്‍ നിയമമന്ത്രി രഘുനാഥ് മൊഹന്തിയെയും ഭാര്യയും പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയില്‍ നിന്നും മന്ത്രിയും ഭാര്യയും അറിസ്റ്റിലായത്. 

ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന മരുമകള്‍ വര്‍ഷ ചൗധരിയുടെ പരാതിയെത്തുടര്‍ന്ന് ഈ മാസമാദ്യമാണ് രഘുനാഥ് മൊഹന്തി മന്ത്രി സ്ഥാനം രാജിവച്ചത്. രാജി വച്ചതിനു ശേഷം മൊഹന്തിയും ഭാര്യയും ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ പ്രതിയായ ഇദേഹത്തിന്റെ മകന്‍ രാജശ്രീ മൊഹന്തിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് രഘുനാഥ് മൊഹന്തി അപേക്ഷിച്ചിരുന്നെങ്കിലും ഹൈകോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജശ്രീ മൊഹന്തിയും വര്‍ഷ സോണി ചൗധരിയും വിവാഹിതരായത്. വിവാഹസമയത്ത് 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വധുവിന്റെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ 25 ലക്ഷം രൂപയും സ്‌കോര്‍പിയോ കാറും വേണമെന്നാവശ്യപ്പെട്ട് വര്‍ഷയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.