എസ്പിയെ കാത്തിരിക്കുന്നത് ശവഘോഷയാത്ര : ബേനിപ്രസാദ് വര്‍മ

single-img
30 March 2013

സമാജ്‌വാദി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി ബേനിപ്രസാദ് വര്‍മ വീണ്ടും രംഗത്ത്. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ കൂടുതല്‍ എസ്പി നേടില്ലെന്നാണ് ഇത്തവണ അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടിയുടെ ശവഘോഷയാത്ര നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 80 സീറ്റുകളിലും മത്സരിക്കും. അതില്‍ 40 സീറ്റുകള്‍ പാര്‍ട്ടി നേടും. ബിഎസ്പി 36 സീറ്റില്‍ വിജയം നേടുമ്പോള്‍ എസ്പിയുടെ ക്രെഡിറ്റില്‍ നാലു സീറ്റുകള്‍ മാത്രമേ ലഭിക്കുള്ളു. ബേനി പ്രസാദ് വര്‍മ പറഞ്ഞു.
എസ്പി നേതാവ് മുലായം സിങ് യാദവിനു ഭീകരബന്ധമുണ്ടെന്ന ബേനിപ്രസാദ് വര്‍മയുടെ ആരോപണം കോണ്‍ഗ്രസിനെ പുലിവാലു പിടിപ്പിച്ചിരുന്നു. തുടര്‍ന്ന കേന്ദ്ര നേതൃത്വം ഇടപെട്ട് അദേഹത്തിനെ കൊണ്ട് മാപ്പു പറയിച്ചു. ഡിഎംകെ പിന്തുണ പിന്‍വലിച്ചിട്ടും യുപിഎ സര്‍ക്കാരിനെ പ്രതിസന്ധി കൂടാതെ താങ്ങി നിര്‍ത്തുന്നത് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയാണ്. ബേനിപ്രസാദിന്റെ പുതിയ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി.