സിദ്ധാര്‍ഥിന്റെ വധു സാമന്ത ???

single-img
29 March 2013

കൂടെ അഭിനയിക്കുന്ന നായികമാരുടെ പേരു ചേര്‍ത്ത് പ്രണയവാര്‍ത്തകള്‍ക്ക് വിഷയമാകുന്നത് നടന്‍മാര്‍ക്ക് പുത്തരിയല്ല. തമിഴ്, തെലുങ്കു ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ സിദ്ധാര്‍ഥിനു പ്രത്യേകിച്ചും. സിനിമയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ വിവാഹിതനായ സിദ്ധാര്‍ഥ് അത്തരം നിരവധി പ്രണയകഥകളില്‍ നായകനായി. അധികം വൈകാതെ വിവാഹജീവിതം അവസാനിപ്പിച്ചതോടെ അതില്‍ പല കഥകളും ശരിയായിരുന്നുവെന്നും സംസാരമുണ്ടായി. സോഹ അലി ഖാന്‍, ശ്രുതി ഹാസന്‍ , തമന്ന ഭാട്ടിയ എന്നിവരുമായി സിദ്ധാര്‍ഥിനുണ്ടായ അടുപ്പം പലപ്പോഴും മാധ്യമങ്ങള്‍ക്കു വിരുന്നായിരുന്നു. അപ്പോഴെല്ലാം തന്റെ സ്വകാര്യ ജീവിതത്തില്‍ ആവശ്യമില്ലാതെ തലയിടുന്നവരെ സിദ്ധാര്‍ഥ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും ഒടുവിലായി സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന കാര്യം താരം തുറന്നു സമ്മതിച്ചിരിക്കുന്നു. ഉടന്‍ തന്നെ വിവാഹിതനാകുമെന്നാണ് സിദ്ധാര്‍ഥ് മാധ്യമങ്ങളോട് പറഞ്ഞത്. വധുവാരാണെന്ന് സിദ്ധാര്‍ഥ് പറഞ്ഞില്ലെങ്കിലും സംശയ മുന നീളുന്നത് ഒരാളിലേയ്ക്ക് മാത്രം, സാമന്ത റൂത്ത്പ്രഭു, തമിഴകത്തും തെലുങ്കിലും സമീപകാലത്ത് നിരവധി വിജയങ്ങള്‍ നേടിയ നായിക. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഒരുപാടു തവണ പറഞ്ഞു കഴിഞ്ഞതാണ്. തെലുങ്കു ചിത്രമായ സബര്‍ദസ്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ച നാള്‍ മുതല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. സിദ്ധാര്‍ഥുമായുള്ള വിവാഹത്തിനെ സാമന്തയുടെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും ഇപ്പോള്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടെയും കുടുംബങ്ങള്‍ ഒരുമിച്ച് കലഹസ്തി അമ്പലത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയത് വിവാഹത്തിനു മുന്നോടിയായിട്ടാണെന്ന വാദമാണ് മാധ്യമങ്ങള്‍ ഇതിന് തെളിവായി നിരത്തുന്നത്. എന്നാല്‍ സിദ്ധാര്‍ഥ് ഇപ്പോഴും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരം കൂടുതല്‍ പുറത്തുവിടാനില്ല എന്ന മട്ടില്‍ തന്നെയാണ്. രണ്ട് താരങ്ങളും അധികം പ്രോജക്ടുകള്‍ പുതിയതായി ഏറ്റെടുക്കാത്തതും വിവാഹത്തിനൊരുങ്ങുന്നതിന്റെ ലക്ഷണമാണെന്ന് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു.