എര്‍ത്ത് ടു സ്‌പെയ്‌സ് 6 മണിക്കൂര്‍ മാത്രം

single-img
29 March 2013

ആറു മണിക്കൂറുകള്‍ , ഈ സമയത്തിനകം ഒരാള്‍ക്ക് നടന്നെത്താന്‍ കഴിയുന്ന ദൂരം ഏകദേശം 18 മൈല്‍, കാറിലാണ് യാത്രയെങ്കില്‍ 350 മൈലില്‍ കൂടും, വിമാനമാണെങ്കില്‍ 3,400 മൈലുകള്‍ താണ്ടും. അപ്പോള്‍ ഒരു ബഹിരാകാശ വാഹനമാണെങ്കിലോ ഭൂമിയില്‍ നിന്നും ബഹിരാകാശ നിലയത്തിലെത്തും.

കസാഖിസ്ഥാനിലെ ബൈക്കനോര്‍ കോസ്‌മോഡ്രോമില്‍ നിന്നും പറന്നുയര്‍ന്ന സോയുസ് പേടകമാണ് ചരിത്ര നേട്ടം കുറിച്ചത്. ഈ പേടകത്തില്‍ യാത്ര ചെയ്ത് അമേരിക്കക്കാരനായ ക്രിസ് കാസിഡിയും റഷ്യക്കാരായ പവേല്‍ വിനൊഗ്രാഡോവും അലക്‌സാണ്ടര്‍ മിസുര്‍കിനും ഭൂമിയില്‍ നിന്ന് ഏകദേശം നാനൂറ് കിലോമീറ്റര്‍ (200 മൈല്‍) അകതെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിലെത്താന്‍ എടുത്തത് അഞ്ചു മണിക്കൂറും നാല്പത്തിയഞ്ചു മിനിറ്റും. സാധാരണ നാല്പത്തി അഞ്ചു മണിക്കൂറോളം സമയമെടുക്കുന്ന യാത്രയാണ് ആറു മണിക്കൂറിനു താഴെ പൂര്‍ത്തിയായത്. ഇതു വരെയുള്ള ബഹിരാകാശ യാത്രകളില്‍ ഉപയോഗപ്പെടുത്തിയ പാതയില്‍ നിന്നും വ്യത്യസ്തമായൊരു റൂട്ട് ആണ് ഈ യാത്രയ്ക്ക് പ്രയോജനപ്പെടുത്തിയതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. മനുഷ്യനെ വഹിച്ചുള്ള യാത്രയ്ക്ക് മുന്‍പ് മൂന്നു തവണ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. സാധാരണ ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുന്നതിനു മുന്‍പ് ഓരോ 90 മിനിറ്റ് കൂടുമ്പോളും വാഹനം ഭൂമിയെ വലം വയ്ക്കുന്നതാണ് (16 തവണ). എന്നാല്‍ സോയുസ് TMA -08M നാലു തവണ മാത്രമാണ് ഭൂമി ചുറ്റിയത്.