ക്രൈസ്തവര്‍ പെസാഹാ വ്യാഴം ആചരിക്കുന്നു

single-img
28 March 2013

യേശു തന്റെ അപ്പോസ്തലന്‍മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ ദിനത്തിന്റെ ഭാഗമായി  ക്രൈസ്തവ ദേവായലയങ്ങളില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിനു തുടക്കം കുറിച്ച് യേശു തന്റെ ശിഷ്യന്‍മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്കായി നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെ നടക്കും. ശേഷം വിശുദ്ധ കുര്‍ബ്ബാനയും മറ്റൊരു പ്രധാന ശുശ്രൂഷയായ അപ്പം മുറിക്കല്‍ വൈകുന്നേരം നടക്കും. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ വിശുദ്ധ വാരത്തിലെ അഞ്ചാം ദിനമാണ് പെസഹ. പെസഹാ വ്യാഴത്തിലെ അവസാന അത്താന കുര്‍ബ്ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിനു തുടക്കമാകുന്നു. ഈസ്റ്റര്‍ ഞായര്‍ വരെയുള്ള ദിനങ്ങളില്‍ വിശ്വാസികള്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയര്‍ത്തെഴുന്നേല്പ്പും സ്മരിക്കുന്നു.

പെസഹാ അപ്പവും പാലും

അവസാന അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ പെസഹ അപ്പവും പാലും ഈ ദിവസം ഉണ്ടാക്കും. . പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ എന്നു കൂടി പെസഹയ്ക്ക പേരുണ്ട്. ഇണ്ട്രിയപ്പം എന്ന പേരിലും പെസഹ അപ്പം അറിയപ്പെടുന്നുണ്ട്. ഓശാന ദിവസം പള്ളികളില്‍ നിന്നു നല്‍കുന്ന ഓശാനയോല(കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍ വച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് പെസഹ പാലില്‍ മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു. കുരുശിനു മുകളില്‍ INRI എന്നെഴുതുന്നതിനെ (മലയാളത്തില്‍ ഇന്രി) അപ്പവുമായി കൂട്ടി വായിച്ച് ഇന്രി അപ്പമെന്നും കാലക്രമേണ ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേരു വന്നെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ പുളിയ ചിലയിടങ്ങളില്‍ പാല്‍ കുറുക്ക് ഉണ്ടാക്കുകയും പെസഹയുടെ പെസഹയുടെ അന്ന് രാത്രിയില്‍ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാലു കുറുക്കിയത് പിറ്റെ ദിവസമാകുമ്പോള്‍ കട്ടയാകുകയും, ദുഖ വെള്ളി ദിവസം കാലത്ത് കുര്‍ബ്ബാന കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് കൈപ്പുള്ള ഇലയോ മറ്റോ കടിച്ച് കട്ടിയായ അപ്പം കഴിക്കുകയും ചെയ്യും.

പെസഹാ അപ്പം ഉണ്ടാക്കുന്ന വിധം

ചേരുവകള്‍

അരി 1 കിലോ
പച്ചത്തേങ്ങ 2 എണ്ണം
ഉഴുന്ന് 150 ഗ്രാം
ജീരകം 1 ടീ സ്പൂണ്‍
ചുവന്നുള്ളി 25 ഗ്രാം
വെളുത്തുള്ളി 1 കുടം
ഉപ്പ് ആവശ്യത്തിന്
വെള്ളം 1 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം
അരി കഴുകി പൊടിച്ച് ചെറിയ അരിപ്പയില്‍ തെള്ളിയെടുത്ത് അധികം മൂപ്പിക്കാതെ ചൂടാക്കി എടുക്കുക. ഉഴുന്ന് ചീനച്ചട്ടിയില്‍ വെറുതെ വറുത്തെടുത്ത് കുതിര്‍ത്ത് അരച്ചെടുക്കുക. തേങ്ങയും മറ്റു ചേരുവകളും അരച്ചെടുത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഉഴുന്നും അരിമാവും ചേര്‍ത്ത് (വട്ടയപ്പത്തിനുള്ള പാകത്തില്‍) കുഴക്കുക. കുഴച്ച മാവ് അധിക സമയം വയ്ക്കാന്‍ പാടില്ല(പുളിക്കുന്നത് ഒഴിവാക്കാന്‍, ഈസ്റ്റ് ഉപയോഗിക്കാനും പാടില്ല). പാത്രത്തിലാക്കിയ മിശ്രിതം അപ്പച്ചെമ്പില്‍ വെള്ളം തിളപ്പിച്ച് അതിന്റെ തട്ടില്‍വെച്ച് ആവിയില്‍ വേവിച്ചെടുക്കുക. കുരുത്തോല കൊണ്ടുണ്ടാക്കിയ കുരിശു രൂപം അപ്പത്തിനു മുകളിലായി വച്ച് വേണം വേവിക്കാന്‍.

പെസഹ പാല്‍ ഉണ്ടാക്കുന്ന വിധം

ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
കട്ടി കൂടിയ തേങ്ങാപ്പാല്‍ 1 കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ 3 കപ്പ്
ജീരകം 2 ടീസ്പൂണ്‍
ചുക്ക് 1 കഷ്ണം
ഏലക്ക 4 എണ്ണം
കുത്തരി 100 ഗ്രാം
ചെറിയ പഴം 3 എണ്ണം

ആവശ്യത്തിനുളള വെള്ളത്തില്‍ അലിയിച്ചു അരിച്ചെടുത്ത ശര്‍ക്കര പാനിയും കട്ടികുറഞ്ഞ തേങ്ങാപ്പാലും ചേര്‍ത്ത് തിളപ്പിക്കുക. കട്ടി കൂടിയ തേങ്ങാപ്പാല്‍ ഇതുമായി ചേര്‍ത്ത് ഇളക്കുക. ഇത് ചേര്‍ത്ത് കഴിഞ്ഞാല്‍ മിശ്രിതം തിളപ്പിക്കാന്‍ പാടില്ല. കട്ടി കൂട്ടുന്നതിനായി തിളച്ചവെളളത്തില്‍ അലിയിച്ച രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി ചേര്‍ത്ത് ഇളക്കുക. ചുക്ക്, ജീരകം, തൊലികളഞ്ഞ ഏലക്ക എന്നിവ പൊടിച്ചതും പഴം ചെറുതായി അരിഞ്ഞതും ചേര്‍ക്കുക. കുരുത്തോല കൊണ്ടുണ്ടാക്കിയ കുരിശു മിശ്രിതത്തിനു മുകളിലായി വച്ച് അല്‍പ്പ നേരത്തിനു ശേഷം തീയില്‍ നിന്നും വാങ്ങിവയ്ക്കുക.