നിതാഖാത് : പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക്

single-img
28 March 2013

സൗദി അറേബ്യയില്‍ നിതാഖാത് നിയമം പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിനു വരുന്ന പ്രവാസികള്‍ ദുരിതത്തിലായി. രാജ്യത്തെ വിവധ തൊഴില്‍ മേഖലകളില്‍ കര്‍ശന സ്വദേശിവത്കരണം നടപ്പിലാക്കിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ നാട്ടിലേയ്ക്ക് മടങ്ങുകയല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയാണ്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും അതില്‍ നല്ലൊരു പക്ഷം മലയാളികളുമാണ് ഉള്ളത്.ആറു ലക്ഷത്തോളം മലയാളികളെയാണ് നിതാഖത് നിയമം പെരുവഴിയിലാക്കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ പോലുളള ചെറുകിട ബിസിനസ് നടത്തുന്നവരും അവിദ്ഗ്ധ തൊഴിലാളികളുമാണ് ഭീഷണി നേരിടുന്നത്. സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ഫ്രീവിസയില്‍ ജോലി ചെയ്യുന്നവരെയും ബിനാമി ബിസിനസ് നടത്തുന്നവരെയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കര്‍ശന നടപടികള്‍ വേട്ടയാടുന്നുണ്ട്. ആയിരക്കണക്കിനു പേരെ ഇതിനകം അനധികൃത താമസക്കാരെന്നു ആരോപിച്ചു അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

അതേ സമയം , നിതാഖാത് കാരണം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തിരികെ വരാതെ അവിടെ തന്നെ പുനരധിവസിക്കാന്‍ സാധിക്കുന്നതിനെക്കുറിച്ച് പരിശോധിച്ച് വരുകയാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതാവശ്യപ്പെട്ട് ഇന്ത്യന്‍ അംബാസിഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സൗദി തൊഴില്‍ മന്ത്രാലയവുമായും പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി. നാട്ടിലേയ്ക്ക് തിരികെ വരുന്നവര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ വടക്കന്‍ ജില്ലകളായ മലപ്പുറം , കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം.