മുലായത്തിന്റെ ഭീഷണി സര്‍ക്കാരിനോട് വേണ്ടന്ന് പ്രധാനമന്ത്രി

single-img
28 March 2013

India's PM Singh speaks during India Economic Summit in New Delhiപുറത്തുനിന്നും പിന്തുണയ്ക്കുന്നുണ്ടെങ്കിലും പിന്തുണ വേണ്ടിവന്നാല്‍ പിന്‍വലിക്കുമെന്ന തരത്തിലുള്ള മുലായം സിംഗ് യാദവിന്റെ ബാഹ്യ ഭീഷണികള്‍ക്ക് പരോക്ഷമായ മറുപടിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പിന്തുണ പിന്‍വലിക്കുമെന്നുള്ള ഭീഷണി സര്‍ക്കാരിനോട് വേണ്ടെന്നും സര്‍ക്കാര്‍ തുടരുമെന്നും പ്രധാനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഡര്‍ബനില്‍ നിന്ന് മടങ്ങവേ വ്യോമസേനാ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനുള്ള പിന്തുണ മുലായം സിംഗ് യാദവ് പിന്‍വലിക്കാന്‍ സാധ്യതയുണ്‌ടോയെന്ന ചോദ്യത്തിന് അത്തരം സാധ്യതകള്‍ നിഷേധിക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മുന്നണി ഭരണത്തില്‍ പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ചില ഘട്ടങ്ങളില്‍ സര്‍ക്കാര്‍ അസ്ഥിരമാണെന്നുള്ള ധാരണ വരെ ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നും എന്നാല്‍ തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം മാത്രമേ നടക്കൂവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ മുലായം കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പാര്‍ലമെന്റില്‍ നിര്‍ണായക നിയമഭേദഗതികള്‍ പാസാക്കുള്ള അംഗസംഖ്യ തന്റെ സര്‍ക്കാരിനില്ലെന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷെ ഇതുമൂലം സാമ്പത്തിക പുനരുദ്ധാരണ നടപടികള്‍ പാളം തെറ്റാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.