റൈഡറുടെ നില ഗുരുതരം

single-img
28 March 2013

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍നിര താരമായ ജെസ്സി റൈഡറെ തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഒരു ബാറിനു പുറത്ത് അജ്ഞാതരായ നാലു പേര്‍ ചേര്‍ന്ന് റൈഡറെ മര്‍ദ്ധിക്കുകയായിരുന്നു. കോമ സ്‌റ്റേജിലായ റൈഡറുടെ തലയോട്ടിയ്ക്കും ആന്തരാവയവങ്ങള്‍ക്കതും സാരമായ പരുക്ക് പറ്റിയിട്ടുള്ളതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാന്റര്‍ബറിയ്‌ക്കെതിരായ ഫസ്റ്റ് ക്ലാസ് ഏകദിന മത്സരത്തില്‍ വെല്ലിംഗ്ടണ്‍ ടീമിനു വേണ്ടി കളിക്കാനാണ് റൈഡര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെത്തിയത്. അവിടെ ഒരു ബാറില്‍ നിന്ന് മറ്റു ടീമംഗങ്ങള്‍ക്കൊപ്പം മദ്യപിച്ചതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ നാലു പേര്‍ ചേര്‍ന്ന് പ്രകോപനമില്ലാതെ റൈഡറെ ആക്രമിക്കുകയായിരുന്നു. നിലത്തു വീണു കിടന്ന റൈഡറെ വീണ്ടും വീണ്ടും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചത്. പോലീസ് സൈറണ്‍ മുഴങ്ങുന്നത് കേട്ടയുടന്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
മുന്‍പ് നിരവധി തവണ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ ജെസ്സി റൈഡര്‍ കേസുകളില്‍ കുടുങ്ങിയിട്ടുണ്ട്.പലപ്പോഴും ദേശീയ ടീമില്‍ നിന്നും അകന്നു നില്‍ക്കാനും റൈഡറുടെ കുത്തഴിഞ്ഞ ജീവിതം കാരണമായിട്ടുണ്ട്.