വിവരാവകാശ നിയമം-2005

single-img
27 March 2013

jaha

ഇന്ന് ലോകത്ത് വിവിധ തരത്തിലുള്ള ഭരണ സംമ്പ്രദായങ്ങളുണ്ട്. രാജഭരണം,പ്രഭു ഭരണം,ഏകാധിപത്യഭരണം ജനാധിപത്യ ഭരണം തുടങ്ങിയവ അവയിൽ ചിലതാണ്.ഇതിൽ ഏറ്റവും പുരോഗമനപരവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ ഭരണസമ്പ്രദായമാണ് ജനാധിപത്യം.ജനങ്ങൾ,ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ഭരിക്കുന്ന സംവിധാനമാണ് ജനാധിപത്യം.ഇത് ഒരർത്ഥത്തിൽ ജനങ്ങളുടെ ആധിപത്യം തന്നെയാണ്.പക്ഷേ,അത് ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല.സർക്കാരിനു ആധിപത്യം ലഭിക്കുന്നത് ജനങ്ങളിൽ നിന്നുമാണു,അതായത് ജനങ്ങളാണ് രാഷ്ട്രത്തിന്റെ പരമാധികാരികൾ. ഈ അധികാരം ഒരു നിശ്ചിതകാലം ഇടവിട്ട് ഏൽപ്പിക്കുന്നതിനാണു നാം തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്.

ജനാധിപത്യം പൊതുജനാഭിപ്രായത്തിൽ അധിഷ്ടിതമാണ്.ഒരു പൊതുകാര്യത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കിൽ അക്കാര്യത്തെക്കുറിച്ച് ശരിയായ വിവരം ജനങ്ങൾക്ക് ലഭിചിരിക്കണം.പ്രത്യേകിച്ചും പൊതുകാര്യങ്ങളിൽ ആധികാരികമായ  വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഊഹാപോഹങ്ങളായിരിക്കും സമൂഹത്തിൽ പരക്കുക.ഇവിടെയാണ് വിവരാവകാശനിയമത്തിന്റെ പ്രസക്തി.

rti02സർക്കാരും സർക്കാർ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും സർക്കാരിന്റെ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സർക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത്.ആയതിനാൽ ഈ പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നറിയാനുള്ള പൂർണ്ണാവകാശം  ഏതൊരു പൗരനുമുണ്ട്.

ഇത്തരത്തിൽ പൊതു അധികാരസ്ഥപനങ്ങളൂടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസവും വർദ്ധിപ്പിക്കൂന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്തൂനതിനും അങ്ങനെ അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള നയമം ഇന്ത്യൻ പാർലമെന്റ് 2005 ഒക്ടോബർ 12 മുതൽ രാജ്യത്താമാനം പാസ്സാക്കി.ഇതത്രേ വിവരാവകാശ നിയമം-2005

രാജ്യസുരക്ഷയുമായി ബന്ധപെട്ടതും ചില തല്പര്യങ്ങളൂടെ പ്രത്യേക സംരക്ഷണത്തിനുള്ളതും ഒഴിച്ച് മറ്റെല്ലാ വിവരങ്ങളും ജനങ്ങൾക്ക് നൽകേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു.ഏതെല്ലാം വിവരങ്ങളാണ് പൗരനുനൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത് എന്നകാര്യങ്ങൾ നിയമത്തിന്റെ എട്ടാം വകുപ്പിൽ  പറഞ്ഞിരിക്കുന്നു.
വിവരാവകാശനിയമപ്രകാരം പൊതു അധികാരികൾ സ്വമേധയാലോ പൗരൻ ആവശ്യപ്പെടുന്നതനുസരിച്ചോ വിവരങ്ങൾ നൽകണം.

പൊതു അധികാരി?
ഭരണഘടനാപ്രകാരമോ,പാർലമെന്റ്,അസംബ്ലി നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ,രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ് ഈ നിയമ പ്രകാരം പൊതു അധികാരി. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്ന സർക്കാരിതര  സംഘടനകളും പൊതു അധികാരികളുടെ നിർവചനത്തിൽ വരും.വില്ലേജ്-പഞ്ചായത്ത് ആഫീസു മുതൽ സുപ്രീം കോടതിവരെയുള്ള ഏതു പൊതു അധികാര
സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങള്‍ അറിയാൻ പൗരനു അവകാശമുണ്ട്.

എന്താണ് വിവരങ്ങൾ?
“വിവര”മെന്ന് നിയമത്തിൽ നിർവ്വചിച്ചിട്ടുള്ളത് ഒരു പൊതുഅധികാരിക്ക് ഏത് രൂപത്തിലും ലഭിക്കാവുന്ന
രേഖകൾ,ആധാരങ്ങൾ,മെമ്മോകൾ,ഇ-മെയിലുകൾ,അഭിപ്രായക്കുറിപ്പുകൾ,പ്രസ് റിലീസുകൾ,
സർക്കുലറുകൾ,ഉത്തരവുകൾ,കരാറുകൾ,റിപ്പോർട്ടുകൾ,ലോഗ് ബുക്കുകൾ,സാമ്പിളുകൾ,കടലാസുകൾ,മാതൃകകൾ,
ഇലക്ട്രോണിക്സ്സ് രുപത്തിൽ സൂക്ഷിച്ചു  വെച്ചിട്ടുള്ള വിവരങ്ങൾ എന്നിവയാണ്.

എന്തൊക്കെ അവകാശങ്ങൾ അറിയാൻ കഴിയും
പൊതു അധികാരിയുടെ കൈവശമോ നിയന്ത്രണത്തിലോ ഉള്ള വിവരങ്ങൾ അറിയുന്നതിനു പൗരനുള്ള അവകാശമാണു അറിയാനുള്ള അവകാശം.സർക്കാർ സ്ഥാപനങ്ങൾ,സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ  അധീനതയിലുള്ള ഒരു ജോലിയോ,പ്രമാണമോ,രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം,രേഖയുടേയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ,സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കൽ ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ,കമ്പ്യൂട്ടറിലോ മറ്റ് ഇലക്ട്രോണിക്സ് സംവിധാനങ്ങളിലോ ശേഖരിച്ച് വച്ചിട്ടുള്ള വിവരങ്ങൾ,പ്രിന്റുകൾ,ഫ്ളോപ്പികൾ,ഡിസ്കുകൾ,ടേപ്പുകൾ,വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർത്തിയെടുക്കനുള്ള അവകാശം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

നിഷേധിക്കാവുന്ന വിവരങ്ങൾ
നിയമത്തിന്റെ  8-ആം വകുപ്പിൽ പറയുന്ന വിവരങ്ങൾ നൽകേണ്ടതില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.വെളിപ്പെടുത്തിയാൽ രാജ്യത്തിന്റെ അഖണ്ഡത,സുരക്ഷിതത്വം പരമാധികാരം,ശാസ്ത്ര-സാമ്പത്തിക താൽപ്പര്യം എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിവരങ്ങൾ,കോടതി വിലക്കുള്ള കാര്യങ്ങൾ,നിയമനിർമ്മാണ സഭകളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കാവുന്ന വിവരങ്ങൾ,വ്യാപാര രഹസ്യങ്ങൾ ,ബൗദ്ധിക സ്വത്തുക്കൾ ഒരാൾക്ക് അയാളുടെ പരസ്പര വിശ്വാസാധിഷ്ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങൾ,ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങൾ കുറ്റവാളികളുടെ വിചാരണയെയോ,അറസ്റ്റിനേയോ അന്വേഷണ പ്രക്രിയെയോ തടസപ്പെടുത്തുന്ന വിവരങ്ങൾ,മന്ത്രിസഭ,സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നിരൂപണങ്ങൾ ഉൾപ്പെടുന്ന മന്ത്രി സഭാ  രേഖകൾ,സ്വകാര്യതയിൽ കടന്നുകയറുന്ന വ്യക്തിപരമായ കാര്യങ്ങൾ എന്നിവയണ് നൽകേണ്ടതില്ലാത്തത്.

ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാവുന്ന വിവരങ്ങൾ നിഷേധിക്കാവുന്നതാണ്.സർക്കാർ നിശ്ചയിക്കുന്ന രഹസ്യ കുറ്റാന്വേഷണ-സുരക്ഷ ഏജൻസികളുടെ കൈവശമുള്ള വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ല.എന്നാൽ ഈ ഏജൻസികളെ സംബന്ധിച്ച അഴിമതി ആരോപണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടേയും വിവരങ്ങൾ ഇൻഫർമേഷൻ കമ്മിഷന്റെ അനുമതിയോടെ 45 ദിവസത്തിനകം നൽകേണ്ടതാണ്.

വിവരം ലഭിക്കാൻ അപേക്ഷ ആർക്ക് നൽകണം?
എല്ലാ സർക്കാർ ആഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. 10 രൂപ അപേക്ഷ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക്  ഇൻഫർമേഷൻ ആഫീസർക്ക് അപേക്ഷ നൽകണം.അപേക്ഷ എഴുതി രേഖാമൂലമോ,ഇലക്ട്രോണിക് മാധ്യമം വഴിയോ നൽകാം.അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയാറക്കുന്നതിന് പബ്ലിക്  ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം.അപേക്ഷ വാങ്ങി പബ്ലിക്  ഇൻഫർമേഷൻ ഓഫീസർക്ക്കൈമാറുന്ന ജോലിയാണു അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുള്ളത്.

അപേക്ഷകൻ വിവരം തേടുന്ന എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല.ബന്ധപ്പെടുന്നതിനുള്ള മേൽവിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളൂ.അപേക്ഷാ ഫീസ് സ്റ്റാമ്പായോ ഡിഡി ആയോ ചെല്ലാനായോ നേരിട്ട് പണമായോ നൽകാവുന്നതാണു.കേന്ദ്രസ്ഥാപനമാണെങ്കിൽ ഡിഡി ആയോ ചെല്ലാനായോ നേരിട്ട് പണമായോ മാത്രമേ അപേക്ഷാ ഫീസ് സ്വീകരിക്കുകയുള്ളു.

വിവരങ്ങൾ ലഭിക്കുന്നതെങ്ങനെ?
അപേക്ഷകൻ വിവരങ്ങൾ എ 4 വലിപ്പത്തിലുള്ള പേപ്പറിലാണു ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ട് രൂപവീതം നൽകണം.സാമ്പിലുകളും മോഡലുള്ളും ലഭിക്കുന്നതിനുള്ള യഥാർത്ഥ ചെലവ് നൽകേണ്ടതാണു.രേഖകൾ പരിശോധനക്ക് ആദ്യത്തെ ഒരു മണിക്കൂറന് ഫീസില്ല.അതിനു ശേഷമുള്ള ഒരോ 30 മിനിറ്റിനും അതിന്റെ  അംശത്തിനും 10 രൂപവീതം നൽകേണ്ടത്.സി.ഡി,ഫ്ലോപ്പി തുടങ്ങിയ  ഇലക്ട്രോണിക് രൂപത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നതന് 50 രൂപ.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം ഫീസ് ഒടുക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതാണ്.

വിവരം 30 ദിവസത്തിനകം നൽകണം
അപേക്ഷ ലഭിച്ച പരമാവധി 30 ദിവസത്തിനകം പബ്ലിക്  ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനു വിവരം നൽകണം.അസിസ്റ്റന്റ് പബ്ലിക്  ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകണം.എന്നാൽ വ്യക്തിയുടെ ജീവനേയോ സ്വതന്ത്രിത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം

പിഴശിക്ഷ
ന്യായമായ കാരണങ്ങൾ കൂടാതെ നിശ്ചിതസമയതിനുള്ളിൽ വിവരം നൽകാതിരിക്കുകയോ,അപേക്ഷ നിരസിക്കുകയോ ബോധപൂർവ്വം തെറ്റായതോ അപൂർണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുകയോ ചെയ്താൽ 250 രൂപ മുതൽ 2500 രൂപവരെ  പബ്ലിക്  ഇൻഫർമേഷൻ ഓഫീസർ പിഴ ഒടുക്കേണ്ടിവരും.ഇതിനു പുറമേ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും നേരിടേണ്ടിവരുകയും ചെയ്യും.

അപ്പീൽ നൽകുന്നതിനുള്ള അവകാശം
ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവുമായ വിവരമാണ് കിട്ടിയതെങ്കിലോ പൗരന് രണ്ട് തരത്തിൽ അപ്പീൽ പോകാം.ആദ്യത്തെ അപ്പീൽ പബ്ലിക്  ഇൻഫർമേഷൻ ഓഫീസറുടെ ഉയർന്ന റാങ്കിലുള്ള അപ്പീൽ സ്വീകരിക്കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥനാണ് നൽകേണ്ടത്.പബ്ലിക്  ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ച് 30 ദിവസത്തിനകം ഒന്നാം അപ്പീൽ  നൽകണം.ഒന്നാം അപ്പീൽ 30 ദിവസങ്ങൾക്കകവും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ 45  ദിവസത്തിനകവും തീർപ്പാക്കണം.ആദ്യ അപ്പീൽ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന് സമർപ്പിക്കണം.അപ്പീലുകൾക്ക് ഫീസ് കൊടുക്കേണ്ടതില്ല.

ഇൻഫർമേഷൻ കമ്മീഷനുകൾ
കേന്ദ്രസർക്കാർ കേന്ദ്ര  ഇൻഫർമേഷൻ കമ്മീഷനേയും സംസ്ഥാന സർക്കാരുകൾ സംസ്ഥാന  ഇൻഫർമേഷൻ കമ്മീഷനുകളേയും നിയമിക്കേണ്ടതാണ്.കമ്മീഷനിൽ  ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാതെയുള്ള ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കേണ്ടതാണ്.
പ്രധാനമന്ത്രിയും,ലോക് സഭയിലെ പ്രതിപക്ഷനേതാവും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്ന സമിതിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര  ചീഫ് ഇൻഫർമേഷൻ കമ്മീഷണറേയും കേന്ദ്ര  ഇൻഫർമേഷൻ കമ്മീഷണർമാരേയും നിയമിക്കുന്നത്.മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു  ക്യാബിനറ്റ് മന്ത്രിയും ഉൾപ്പെടുന്ന സമിതിയുടെ ശുപാർശ പ്രകാരം സംസ്ഥാന ഗവർണർ ആണ് സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറേയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറേയും നിയമിക്കുന്നത്. ഈ നിയമത്തിലെ വകുപ്പുകൾക്ക് വിധേയമായി ഏതൊരാളിൽ നിന്നും പരാതി സ്വീകരിക്കുന്നതും  അതിന്മേൽ അന്വേഷനം നടത്തുന്നതും ഇൻഫർമേഷൻ കമ്മീഷന്റെ  ചുമതലയിലായിരിക്കും.ഇലക്ഷൻ കമ്മീഷനെപ്പോലെ സ്വതന്ത്രചുമതലകൾ ഉള്ളതാണ് ഇൻഫർമേഷൻ കമ്മീഷനും.
പബ്ലിക്  ഇൻഫർമേഷൻ ഓഫീസറും  അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസറും സ്ഥാനനിർദ്ദേശം ചെയ്യപപ്പെടാത്ത സാഹചര്യമുണ്ടെങ്കിൽ  ഇൻഫർമേഷൻ കമ്മീഷന് നേരിട്ട് പരാതി നൽകാം.കേന്ദ്രത്തിലെ പബ്ലിക്  ഇൻഫർമേഷൻ ഓഫീസർമാർ, അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ,എന്നിവർക്ക് എതിരെയള്ള പരാതികൾ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും,സംസ്ഥാന പബ്ലിക്  ഇൻഫർമേഷൻ ഓഫീസർമാർ,അസിസ്റ്റന്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ,എന്നിവർക്ക് എതിരെയുള്ള പരാതികൾ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനും അന്വേഷിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതാണ്.ഇൻഫർമേഷൻ കമ്മീഷണർക്ക് സിവിൽ കോടതിയുടെ അധികാരങ്ങൾ നൽകിയിട്ടുണ്ട്.ഈ നിയമത്തിൻ കീഴിൽ വരുന്ന രേഖകൾ അവ ഏത് സ്ഥാപനത്തിന്റെ കീഴിലാണെങ്കിലും പരിശോധിക്കുന്നതിനുള്ള അധികാരം കമ്മീഷനുകൾക്ക് ഉണ്ട്.
ഈ നിയമപ്രകാരമുണ്ടായ ഉത്തരവ് സംബന്ധിച്ച കേസോ അപേക്ഷയോ നടപടിയോ ഒരു കോടതിയും സ്വീകരിക്കാൻ പാടില്ല എന്ന് നിയമത്തിൽ അനുശാസിച്ചിട്ടുണ്ട്.നിയമപ്രകാരമുള്ള അപ്പീലുളിൽ മാത്രമേ അവ ചോദ്യം ചെയ്യാനാവൂ.നിലവിലുള്ള മറ്റു നിയമങ്ങളിൽ ഈ നിയമത്തിനു വിരുദ്ധമായി എന്തൊക്കെയുണ്ടായിരുന്നാലും ഇതിലെ വകുപ്പുകൾക്ക് മുൻഗണനയുണ്ടായിരിക്കും.ഭരണം സുതാര്യമാക്കുന്നതിനും സർക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതിനും വേണ്ടി രൂപം നൽകിയിട്ടുള്ള ഈ നിയമം പൊതുജനങ്ങൾക്ക് നൽകുന്ന സാധ്യതകൾ അനന്തമാണ്.തങ്ങൾ എങ്ങനെയാണു ഭരിക്കപ്പെടുന്നത് എന്നുള്ള ശരിയായ വിവരങ്ങൾ അവർക്ക് ഇനി ലഭിച്ച് തുടങ്ങും.വിവരങ്ങളും അറിവുകളും ലഭിക്കുന്നതിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തീരുമാനങ്ങളിലും നയരൂപീകരണങ്ങളിലും സ്വാധീനം ചെലുത്തുന്നതിനും ജനങ്ങൾക്ക് കഴിയും.അഴിമതിയും സ്വജനപക്ഷപാതവും എല്ലാം കുറയും.രാജ്യത്ത് കൂടുതൽ ജനപങ്കാളിത്തത്തോടെയുള്ള വികസനമുണ്ടാകും.പൊതുകാര്യങ്ങളിൽ ആധികാരികമായ വിവരം ലഭിക്കുന്നതോടെ ശരിയായ ദിശയിലുള്ള പൊതുജനാഭിപ്രായങ്ങൾ ഉയർന്ന് വരും.ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സദാ ജാഗരൂകരാകും.അർത്ഥപൂർണ്ണവും വികസിതവുമായ ജനാധിപത്യത്തിനു ഇത് വഴി തുറക്കും