പ്രശസ്ത നടി സുകുമാരി അന്തരിച്ചു.

single-img
26 March 2013

Sukumari_2ചെന്നൈ : പ്രശസ്ത നടി സുകുമാരി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ചലച്ചിത്രരംഗത്ത് 60 വര്‍ഷത്തിലേറെയായി അഭിനയിക്കുന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരി.

കഴിഞ്ഞ മാസം 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് പൊള്ളലേറ്റത്.

മലയാളം, തമിഴ് തുടങ്ങിയ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ രണ്ടായിരത്തിഅഞ്ഞൂറിലധികം കഥാപാത്രങ്ങളെ സുകുമാരി അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കൂടാതെ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിക്കുള്ള അവാര്‍ഡ് നാലുതവണ നേടിയ സുകുമാരി പത്മശ്രീ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ഒരറിവ് എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. അന്തരിച്ച സംവിധായകന്‍ ഭീം സിംഗാണ് ഭര്‍ത്താവ്. മകന്‍ ഡോ. സുരേഷ്.

സംസ്കാരം ചെന്നൈയിൽ നടക്കും. മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരില്ലെന്നാണ് വിവരം ലഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് സംസ്കാരം.