അഭിനയ സൗകുമാര്യം വിടപറഞ്ഞു

single-img
26 March 2013

അഭിനയകലയില്‍ പകരം വയ്‌ക്കാനില്ലാത്ത സൗകുമാര്യം ചമയങ്ങളഴിച്ച്‌ വിടവാങ്ങി. ദക്ഷിണേന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന നടി സുകുമാരി (73) ഇനി ജ്വലിക്കുന്നരോര്‍മ്മ മാത്രം. ചെന്നൈ ഗ്ലോബല്‍ ആശുപത്രിയില്‍ വൈകുന്നേരം 5 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ്‌ അന്ത്യം സംഭവിച്ചത്‌. വീട്ടിലെ പൂജാമുറിയില്‍ നിന്നും പൊള്ളലേറ്റതിനെത്തുടര്‍ന്ന്‌ ഫെബ്രുവരി 25 നാണ്‌ സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മുപ്പത്‌ ശതമാനം വരെ പൊള്ളലേറ്റിരുന്നതായാണ്‌ വിവരം. നാളെ രാവിലെ ചെന്നൈ ടി നഗറിലെ സുകുമാരിയുടെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കും. സംസ്‌കാരം ചെന്നൈയില്‍ നടക്കും.63074_10151536924768676_324237812_n
1940 ഒക്ടോബര്‍ ആറിനു മലയാളികളായ മാധവന്‍ നായര്‍- സത്യഭാമ ദമ്പതികളുടെ മകളായി നാഗര്‍കോവിലിലാണ്‌ സുകുമാരി ജനിച്ചത്‌. സ്‌കൂള്‍ പഠനത്തിനൊപ്പം നൃത്തവും അഭ്യസിച്ച സുകുമാരി വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്റെ ഇളയസഹോദരിയയ സരസ്വതി കുഞ്ഞമ്മയ്‌ക്കൊപ്പം താമസിക്കുന്നതിനായി മദ്രാസിലേയ്‌ക്ക്‌ പോയി. സരസ്വതി കുഞ്ഞമ്മയുടെ മക്കളായ പ്രശസ്‌ത നായികമാരായ ലളിത, രാഗിണി, പത്മിനി മാര്‍ക്കൊപ്പമുള്ള സഹവാസമാണ്‌ കലയുടെ വലിയ ലോകത്തേയ്‌ക്ക്‌ സുകുമാരിയെ നയിച്ചത്‌. സഹോദരി ത്രയത്തിന്റെ നൃത്തഗ്രൂപ്പില്‍ സുകുമാരി അരങ്ങേറ്റം കുറിക്കുന്നത്‌ എട്ടാം വയസ്സിലാണ്‌. മദ്രാസില്‍ തേര്‍ഡ്‌ ഫോറം വരെ വിദ്യാഭ്യാസം നേടുകയും ചെയ്‌തു. പ്രശസ്‌ത നടിമാരായ ലളിത-രാഗിണി-പത്മിനി മാരുടെ സിനിമ ചിത്രീകരണസ്ഥലങ്ങളില്‍ അനുഗമിച്ചിരുന്ന സുകുമാരിയെത്തേടി അവസരങ്ങള്‍ പെട്ടെന്നു തന്നെ എത്തുകയായിരുന്നു. നൃത്തലോകത്തും നാടകലോകത്തുമായി വിശാലമായ കലാസപര്യയ്‌ക്കാണ്‌ ചെറുപ്രായത്തില്‍ തന്നെ അവര്‍ തുടക്കമിട്ടത്‌. 1951  തന്റെ പത്താം വയസ്സില്‍ ഒരറിവ്‌ എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ ക്യാമറയ്‌ക്ക്‌ മുന്നിലേയ്‌ക്ക്‌ ആദ്യമായി സുകുമാരിയെത്തിയത്‌. തുടര്‍ന്ന്‌ നായികയായും അമ്മയായും സഹോദരിയായും വില്ലത്തിയായും മുത്തശ്ശിയായും ആയിരക്കണക്കിനു വേഷമണിഞ്ഞ്‌ ആസ്വാദകരുടെ മനസ്സിലും സിനിമാ ലോകത്തും സ്വന്തമായൊരു ഇടം തന്നെ സുകുമാരി സ്വന്തമാക്കി. 
2003 ല്‍ കലാരംഗത്തിനു നല്‌കിയ സമഗ്ര സംഭാവനകളെ മാനിച്ച്‌ രാജ്യം പത്മശ്രീ നല്‌കി അവരെ ആദരിച്ചു. 2011 ല്‍ തമിഴ്‌ ചിത്രമായ നമ്മ ഗ്രാമത്തിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും അവരെത്തേടിയെത്തി. മികച്ച സഹനടിക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരത്തിന്‌ 1974, 1979, 1983, 1985 എന്നീ വര്‍ഷങ്ങളിലും കേരള ഫിലിം ക്രിട്ടിക്‌സിന്റെ സഹ നടിക്കുള്ള അവാര്‍ഡിനു 1979, 1982, 1985 എന്നീ വര്‍ഷങ്ങളിലും സുകുമാരി അര്‍ഹയായി. 2005 ല്‍ ഫിലിംഫെയര്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌, 2007 കലാരത്‌നം അവാര്‍ഡ്‌, 2011 ബഹദൂര്‍ അവാര്‍ഡ്‌, 2011 കേരള ഫിലിം ക്രിട്ടിക്‌ അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ആ അഭിനയ പ്രതിഭയെത്തേടിയെത്തി.
പത്തൊന്‍പതാം വയസ്സിലാണ്‌ സുകുമാരി വിവാഹിതയായത്‌. മഹാരാഷ്ട്രയില്‍ നിന്നുള്ള സംവിധായകന്‍ ഭീം സിങിനെയാണ്‌ അവര്‍ വിവാഹം കഴിച്ചത്‌. വെറും പതിനൊന്നു വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 1978 ല്‍ ഭീംസിങ്‌ നിര്യാതനായി. സുകുമാരി – ഭീംസിങ്‌ ദമ്പതികളുടെ മകനായ സുരേഷ്‌ ചെന്നൈയിലെ പ്രശസ്‌തനായ ഡോക്ടറാണ്‌. മരുമകള്‍ ഉമ.
ബ്ലാക്ക്‌ & വൈറ്റ്‌ യുഗത്തിലും പിന്നീടെത്തിയ കളര്‍ യുഗത്തിലും സുകുമാരി എന്ന നടി മാറ്റമില്ലാത്ത സൗകുമാര്യം നിറഞ്ഞ അഭിനയ സിദ്ധികൊണ്ട്‌ പ്രേക്ഷകര്‍ക്ക്‌ എന്നും പ്രിയങ്കരിയായി. രണ്ടായിരത്തി അഞ്ഞൂറിലധികം സിനിമകളിലാണ്‌ അവര്‍ വേഷമിട്ടത്‌. ആറു പതിറ്റാണ്ട്‌ തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന സുകുമാരി വിടവാങ്ങുമ്പോള്‍ വലിയൊരു വിടവ്‌ തന്നെയാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഒരിക്കലും നികത്താനാകാത്ത വിടവ്‌. ആദരാഞ്‌ജലികള്‍.