സൗദിയില്‍ തീപിടിത്തം; ആറു മലയാളികള്‍ മരിച്ചു

single-img
26 March 2013

2013march27accident-deathസൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ സോഫ ഗോഡൗണിനു തീപിടിച്ച് ആറു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മരിച്ച മലയാളികളില്‍ അഞ്ചുപേര്‍ മലപ്പുറത്തുനിന്നും ഒരാള്‍ വയനാട്ടില്‍നിന്നുമുള്ളവരാണ്. മരിച്ച മറ്റൊരാള്‍ ഉത്തരേന്ത്യക്കാരനും. നിലമ്പൂരിനടുത്ത് എടക്കര മൂത്തേടം താളിപ്പാടം അധികാരത്ത് സെയ്തലവിയുടെ മകന്‍ സിദ്ദിഖ് (42), കല്‍ക്കുളം കിഴക്കേ പനയന്നാമുറി പാപ്പച്ചന്റെ മകന്‍ ലാലു (40) ചെമ്മംതിട്ട വെള്ളൂര്‍ കിഴക്കേതില്‍ പദ്മനാഭന്റെ മകന്‍ സത്യകുമാര്‍ (കുട്ടന്‍-22), ചുങ്കത്തറ കാട്ടിച്ചിറ പുത്തന്‍പീടിക ഹംസയുടെ മകന്‍ ജയ്‌സല്‍ (24), മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ മേമന മുഹമ്മദിന്റെ മകന്‍ സൈനുല്‍ ആബിദ് (24), മാനന്തവാടി കാട്ടിക്കുളം ചേലൂര്‍ ഇരുമ്പുപാലം വട്ടപ്പാറയില്‍ വര്‍ക്കി-ഏലിയാമ്മ ദമ്പതികളുടെ മകന്‍ ഷിജു വര്‍ക്കി(26) എന്നിവരാണു മരിച്ച മലയാളികള്‍.

മൂത്തേടം താളിപ്പാടം സ്വദേശിയായ സജിയുടെ ഹായിലുള്ള അല്‍ മന്‍സൂര്‍ മജ്‌ലിസ് എന്ന സോഫാ ഗോഡൗണിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ തീപിടിത്തമുണ്ടായത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം.