ലങ്കന്‍ താരങ്ങളെ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുവരേണ്ടെന്ന് ജയലളിത

single-img
26 March 2013

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ കളിക്കാര്‍ ഉല്‍പ്പെടുന്ന മത്സരങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്തുന്നതിനെതിരെ മുഖ്യമന്ത്രി ജയലളിത രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനു കത്തയച്ചു. ശ്രീലങ്കന്‍ കളിക്കാര്‍, അംപയര്‍മാര്‍, ഒഫീഷ്യലുകള്‍ എന്നിവര്‍ ഉള്ള ഒരു മത്സരവും തമിഴ്‌നാട്ടില്‍ നടത്താന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ജയലളിത സ്വീകരിച്ചിരിക്കുന്നത്. പതിമൂന്നു ശ്രീലങ്കന്‍ താരങ്ങളാണ് ഐപിഎല്‍ ടീമുകളിലുളളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും രണ്ടു ലങ്കന്‍ കളിക്കാരുമായാണ് ഏപ്രില്‍ മൂന്നിനു തുടങ്ങാനിരിക്കുന്ന ഐപിഎല്ലിനായി ഒരുങ്ങുന്നത്. ശ്രീലങ്കയില്‍ മതിഴ് വംശജര്‍ നേരിടുന്ന മനുഷ്യത്വരഹിതമായ ചൂഷണങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ജയലളിത ലങ്കന്‍ താരങ്ങളെ തമിഴ്‌നാട്ടില്‍ എത്തുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടത്. ലങ്കന്‍ താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഐപിഎല്‍ ടീമുകളെ കത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്.