ഡിഎംകെയില്‍ മക്കള്‍പോര്

single-img
26 March 2013

യുപിഎ സര്‍ക്കാരില്‍ നിന്ന് പിന്‍വാങ്ങിയതിനു പിന്നാലെ ഡിഎംകെ നേതൃത്വത്തിലുള്ള മക്കള്‍ പോര് കൂടുതല്‍ രൂക്ഷമാകുന്നു. കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു ശേഷം ആദ്യമായി ചേര്‍ന്ന പാര്‍ട്ടിയുടെ നിര്‍വാഹക സമിതി യോഗം പാര്‍ട്ടി എധ്യക്ഷന്‍ എം. കരുണാനിധിയുടെ മകന്‍ എം.കെ. അഴഗിരി ബഹിഷ്‌കരിച്ചു. അദേഹത്തിനൊപ്പം മുന്‍കേന്ദ്ര മന്ത്രി നെപ്പോളിയനും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി ട്രഷററും അഴഗിരിയുടെ ഇളയ സഹോദരനുമായ എം.കെ. സ്റ്റാലിനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു എന്നാണ് അഴഗിരിയുടെ ബഹിഷ്‌കരണം വ്യക്തമാക്കുന്നത്. യുപിഎ വിട്ടതിനു ശേഷമുള്ള സ്ഥിതി വിലയിരുത്താനും വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച്ചര്‍ച്ച ചെയ്യാനുമാണ് അണ്ണാ അറിവാലയത്തില്‍ ഇന്നലെ രാവിലെ പത്തിന് നിര്‍വാഹക സമിതി യോഗം ചേര്‍ന്നത. യോഗം തുടങ്ങുന്നതിനു മുന്‍പ് അഴഗിരി മധുരയിലേയ്ക്ക് പോകുകയായിരുന്നു. ഞായറാഴ്ച അഴഗിരി കരുണാനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്റ്റാലിന്റെ സമ്മര്‍ദ്ധത്തിനു വഴങ്ങിയാണ് യുപിഎ വിടാന്‍ ഡിഎംകെ തീരുമാനിച്ചതെന്ന് അഴഗിരി പക്ഷം ആരോപിക്കുന്നുണ്ട്. തന്റെ മന്ത്രി സ്ഥാനം നഷ്ടമായതില്‍ അഴഗിരിയ്ക്ക് അമര്‍ഷമുണ്ട്. ഇക്കാര്യം അദേഹത്തിന്റെ വാക്കുകളിലും വ്യക്തമാണ്.

നിര്‍വാഹക സമിതി യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യോഗത്തിനു ശേഷം അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.