ചെല്‍സിയിലേയ്ക്ക് മൗറീഞ്യോ തിരികെയെത്താന്‍ സാധ്യത

single-img
25 March 2013

സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ പരിശീലകന്‍ ഹൊസ്യേ മൗറീഞ്യോ പഴയ തട്ടകമായ ചെല്‍സിയിലേയ്ക്ക് തിരികെപ്പോകാന്‍ വഴിതെളിയുന്നു. നടപ്പു സീസണ്‍ കഴിഞ്ഞ് റാഫേല്‍ ബെനറ്റിസിനു പകരം ചെല്‍സിയുടെ അമരക്കാരനായി മൗറീഞ്യോ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തുമെന്നാണ് വിവരം. മൗറീഞ്യോ തന്നെ ഇക്കാര്യം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

റയല്‍ മാഡ്രിഡ് ടീമിലെ മിക്ക സീനിയര്‍ താരങ്ങളുമായും ഒമൗറീഞ്യോയ്ക്കു ഒത്തു പോകാന്‍ കഴിയുന്നില്ലെന്ന് സംസാരമുണ്ടായിരുന്നു. കൂടാതെ ടീമിന്റെ ആരാധകര്‍ക്കിടയിലും സമ്മിശ്ര പിന്തുണ മാത്രമേ അദേഹത്തിനു ഇത്തവണ ലഭിച്ചിട്ടുള്ളു. റയലിലെ തന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം ഉണ്ടെന്ന് മൗറീഞ്യോ പറഞ്ഞതും മുന്‍പ് പരിശീലിപ്പിച്ച ക്ലബ്ബുകളിലേയ്ക്ക് മടങ്ങുമോ എന്ന ചോദ്യം അദേഹം തള്ളിക്കളയാത്തതുമാണ് പുതിയ അഭ്യൂഹങ്ങള്‍ക്കു കാരണം.
ഇംഗ്ലണ്ടിലും പോര്‍ച്ചുഗലിലും ഇറ്റലിയിലും സ്‌പെയിനിലും ജോലി ചെയ്ത ശേഷം പുതിയൊരിടം തെരഞ്ഞെടുക്കുന്നത് എളുപ്പമല്ലെന്നു പറഞ്ഞ മൗറീഞ്യോ, ചിലപ്പോള്‍ താന്‍ മുന്‍പുണ്ടായിരുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്കു തന്നെ മടങ്ങുമെന്നും അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാനും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ചെല്‍സിയ്ക്ക് രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത ഹോസ്യേ മൗറീഞ്യോ 2007 സെപ്റ്റംബറിലാണ് അവിടം വിട്ടത്.