ഒരു ഇന്ത്യന്‍ ചരിത്രഗാഥ

single-img
25 March 2013

ന്യൂ ഡല്‍ഹി : ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ആസ്‌ത്രേലിയന്‍ കളിക്കാരുടെ മുട്ടിടിച്ചു തുടങ്ങിയപ്പോള്‍ തന്നെ അങ്ങ് നാട്ടിലിരുന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിങ് പറഞ്ഞു ‘ ഓസീസ് മണ്ണില്‍ തോറ്റമ്പിയപ്പോഴേ ഗൗതം ഗംഭീര്‍ പറഞ്ഞതാണ് , ഇന്ത്യയിലെത്തുമ്പോള്‍ കിട്ടുന്നത് വാങ്ങാന്‍ കാത്തിരിക്കാന്‍. ‘

എന്നാല്‍ കിട്ടാനിരുന്നത് ഇത്രയും ഭീകരമായ തിരിച്ചടിയാണെന്ന് പോണ്ടിങ്ങും ഓസീസ് നിരയും സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. അതിഥികളായെത്തിയ തങ്ങള്‍ക്കു മേല്‍ 4-0 ത്തിന്റെ കളങ്കം ചാര്‍ത്തി വിട്ട കംഗാരുപ്പടയ്ക്ക് അതേ നാണയത്തില്‍ ടീം ഇന്ത്യ മറുപടി നല്കി. സത്യത്തില്‍ ഇന്ത്യ നേരിട്ടതിനെക്കാള്‍ ആഴമേറിയ മുറിവാണ് ഓസീസ് നിരയ്ക്ക് ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. ആ മുറിവിനു വേദന കൂട്ടുന്ന മറ്റൊരു കാര്യം ഇന്ത്യയുടേത് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ നേട്ടമാണെന്നതാണ്. 81 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ 4-0 എന്ന നിലയില്‍ ഇന്ത്യ ഒരു വിജയവും നേടിയിട്ടില്ല. ഇത് ഇന്ത്യന്‍ ക്രിക്കറ്റിനു പുതു ചരിത്രം.
ആസ്ത്രലിയന്‍ ക്രിക്കറ്റിനും പുതിയൊരു ഏടായി ഇന്ത്യന്‍ മണ്ണിലെ തോല്‍വി, 42 വര്‍ഷങ്ങള്‍ക്കു ശേഷം ഓസീസ് ആദ്യമായി 4-0 എന്ന നിലയില്‍ തോറ്റമ്പിയിരിക്കുന്നു. ആസ്‌ത്രേലിയയെ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്തിരിക്കുന്നു. മൂന്നോ അതിലധികമോ ടെസ്റ്റുകളുള്ള പരമ്പരയില്‍ പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങുന്നതാണ് ക്രിക്കറ്റ് ഭാഷയിലെ വൈറ്റ്‌വാഷ്. ആസ്‌ത്രേലിയ നേരിട്ടത് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ മാത്രം വൈറ്റ്‌വാഷ്. ഇന്ത്യയുടെ വൈറ്റ്‌വാഷ് നേട്ടപ്പട്ടികയില്‍ ഇത് മൂന്നാമത്തേതും. അതെ, എന്നും ഇന്ത്യയുടെ ഭാഗ്യമായി നിലകൊണ്ട ഫിറോസ് ഷാ കോട്‌ലയില്‍ മഹേന്ദ്ര സിങ് ധോണിയും കൂട്ടരും രചിച്ചത് പ്രതിഭയില്‍ തങ്ങളെക്കാള്‍ ഉയരങ്ങള്‍ താണ്ടിയ മുന്‍ഗാമികള്‍ക്കു കഴിയാത്ത ചരിത്രഗാഥ.
സ്വന്തം മണ്ണില്‍ നേടിയ വിജയം എന്നത് ഇന്ത്യന്‍ നേട്ടത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല. എതിരാളികളെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുമുറുക്കി ആദ്യ മൂന്നു ടെസ്റ്റിലും ഇന്ത്യ വിജയശ്രീലാളിതരായപ്പോള്‍ അവസാന ടെസ്റ്റില്‍ തുല്യശക്തികളുടെ പോരാട്ടം തന്നെയാണ് വിജയികളെ നിര്‍ണ്ണയിച്ചത്. നാലു തവണയും ടോസ്സ് ഇന്ത്യയ്ക്കു പ്രതികൂലമായിരുന്നു എന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ക്കു ലഭിച്ച ടോസ്സ് ഭാഗ്യം മുതലാക്കി നാലു മത്സരങ്ങളിലും ആസ്‌ത്രേലിയ ആദ്യം ബാറ്റേന്തിയപ്പോള്‍ നാലു തവണയും അവസാനം പുഞ്ചിരി നിറഞ്ഞത് ഇന്ത്യന്‍ മനസ്സുകളിലാണെന്നത് ടീം ഇന്ത്യയുടെ പോരാട്ട മികവിന്റെ ഉത്തമ ഉദാഹരണം തന്നെയാണ്.