സയ്യദ് മുഷ്താഖ് അലി പരമ്പര : കേരളം സൂപ്പര്‍ലീഗില്‍

single-img
23 March 2013

കേരളാ ക്രിക്കറ്റിനു ഇത് നല്ല കാലം. സയ്യദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ വിജയഗാഥകള്‍ രചിച്ചു കൊണ്ട് കേരളം സൂപ്പര്‍ ലീഗിലെത്തി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗോവയെ 38 റണ്‍സിന് അടിയറവു പറയിച്ച കേരളം ദക്ഷിണമേഖല ഗ്രൂപ്പില്‍ റണ്ണറപ്പുകളായാണ് സൂപ്പര്‍ ലീഗില്‍ സ്ഥാനം പിടിച്ചത്.
ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ടോസ്സ് ഭാഗ്യം കേരളത്തിനൊപ്പം നിന്നില്ല. ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട കേരളം നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. താരതമ്യേന ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ കേരളത്തിനു വേണ്ടി ബൗളര്‍മാര്‍ മികവിലേയ്ക്കുയര്‍ന്നതോടെ ഗോവന്‍ പോരാട്ടം 103 റണ്‍സില്‍ അവസാനിച്ചു. മൂന്നു പന്തുകള്‍ കൂടി ശേഷിക്കെയാണ് ഗോവ ഓള്‍ ഔട്ട് ആയത്.
കേരളത്തിനു വേണ്ടി വി.എ. ജഗദീഷ് (53 പന്തില്‍ 60), കെ.ജെ. രാകേഷ് (12 പന്തില്‍ 21) എന്നിവരുടെ പ്രകടനം മാത്രമാണ് എടുത്തുപറയാന്‍ കഴിയുന്നതായുള്ളു. ബൗളര്‍മാരില്‍ പതിമൂന്നു റണ്‍സ് മാത്രം വിട്ടു നല്‍കി ഗോവയുടെ നാലു വിക്കറ്റ് വീഴ്ത്തിയ പി. പ്രശാന്തും പത്തൊന്‍പതു റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റ് നേടിയ സന്ദീപ് വാര്യരും കേരളത്തിന്റെ വിജയത്തില്‍ മുഖ്യ പങ്കാളികളായി.
ദക്ഷിണമേഖലാ ഗ്രൂപ്പില്‍ 18 പോയിന്റുള്ള കര്‍ണാടകയാണ് ഒന്നാമതെത്തിയത്. റണ്ണറപ്പായ കേരളത്തിനു 16 പോയിന്റാണുള്ളത്. നിലവിലെ സീസണില്‍ കേരളം കരസ്ഥമാക്കുന്ന മൂന്നാമത്തെ നേട്ടമാണ് സൂപ്പര്‍ ലീഗ് പ്രവേശം. വിജയ് ഹസാരെ ഏകദിന ടൂര്‍ണ്ണമെന്റില്‍ സെമിഫൈനലിലും ബുച്ചിബാബു ടൂര്‍ണമെന്റില്‍ ഫൈനലിലും കേരളമെത്തിയിരുന്നു.