നാലു റണ്‍സിന്റെ മാത്രം ലീഡുമായി ഇന്ത്യ

single-img
23 March 2013

ന്യൂ ഡല്‍ഹി : ഫിറോസ് ഷാ കോട്‌ല മൈതാനത്ത് ഇന്ത്യ ആസ്‌ത്രേലിയ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ മത്സരം എങ്ങോട്ടു തിരിയുമെന്ന ആകാംക്ഷ മാതരം ബാക്കി. രാവിലെ കളി തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ആസ്‌ത്രേലിയയെ 262 നു ചുരുട്ടിക്കെട്ടിയ ആത്മവിശ്വാസവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും പറയത്തക്ക നേട്ടമൊന്നും നേടാനായില്ല. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 266 എന്ന നിലയില്‍ ഇന്നത്തെ കളിയവസാനിപ്പിച്ച ഇന്ത്യയ്ക്ക് വെറും നാലു റണ്‍സിന്റെ ഒന്നാമിന്നിങ്ങ്‌സ് ലീഡു മാത്രമാണ് ഉള്ളത്.

മികച്ച തുടക്കത്തിനു ശേഷമുള്ള കൂട്ടപ്പൊരിച്ചിലാണ് ഇന്ത്യയ്ക്ക് വിനയായത്. മുരളി വിജയും(57) ചേതേശ്വര്‍ പൂജാരയും(52) ചേര്‍ന്ന 108 ന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ട് കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ വരുതിയിലേയ്ക്ക് കൊണ്ടു വന്നുവെന്ന് തോന്നിപ്പിച്ചെങ്കിലും കളി കൈവിട്ടു പോകാന്‍ അധികം സമയമെടുത്തില്ല. ഇന്ത്യന്‍ നിരയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (32), , മഹേന്ദ്ര സിങ് ധോണി(24), രവീന്ദ്ര ജഡേജ(43) എന്നിവര്‍ക്കു മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളു. ദിവസത്തെ അവസാന പന്തില്‍ ആര്‍. അശ്വിന്‍ പുറത്തായി. ഭുവനേശ്വര്‍ കുമാറിനൊപ്പം പ്രഗ്യാന്‍ ഓജയാണ് മൂന്നാം ദിവസം കളി പുനരാരംഭിക്കുന്നത്. ആസ്‌ത്രേലിയയ്ക്കു വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു.