അഴകളവുകള്‍ തിരുത്തിയെഴുതി പെപ്‌സിയെത്തുന്നു

single-img
22 March 2013

സോഫ്റ്റ് ഡ്രിങ്ക്‌സ് രംഗത്തെ മുന്‍നിര കമ്പനിയായ പെപ്‌സിയുടെ 567 ഗ്രാം ബോട്ടിലിനു പുത്തന്‍ ഡിസൈന്‍. പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പെപ്‌സികോ ബോട്ടിലിനു രൂപമാറ്റം വരുത്തുന്നത്. എപ്രില്‍ മുതല്‍ പുതിയ ഡിസൈനിലുള്ള കുപ്പിയിലാകും പെപ്‌സി ലഭ്യമാകുന്നത്.

കുപ്പിക്കുള്ളിലുള്ള പാനീയം കൂടുതല്‍ ദൃശ്യമാകുന്നതിനായി ബോട്ടിലിനെ ചുറ്റിയുള്ള ലേബലിന്റെ വലിപ്പം കുറച്ചു. കൂടാതെ വടിവാര്‍ന്ന ഡിസൈനിലെത്തുന്ന ബോട്ടിലിന്റെ അടിഭാഗമാണ് മറ്റൊരു പ്രത്യേകത. ബോട്ടില്‍ പിടിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാകുന്നതിനാണ് ഈ ഡിസൈന്‍. മുഖ്യ എതിരാളികളായ കൊക്കൊ കോളയോടുളള മത്സരത്തിന്റെ ഭാഗമായാണ് പെപ്‌സി ബോട്ടിലിനു രൂപമാറ്റം വരുത്തിയിരിക്കുന്നത്. നിലവിലുള്ള ബോട്ടില്‍ വിപണിയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനു ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 1996 മുതലാണ് ഈ ബോട്ടില്‍ പെപ്‌സി അവതരിപ്പിച്ചത്.

വിപണിയില്‍ കൊക്കോ കോള പിടിമുറുക്കിയതോടെ ഉണ്ടായ നഷ്ടം നികത്താനായി നൂതന ആശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തിരക്കിലാണ് പെപ്‌സികോ. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് അമേരിക്കയില്‍ മാത്രം നാലു ശതമാനമാണ് പെപ്‌സിയുടെ വില്പന ഇടിഞ്ഞത്. കാര്‍ബണേറ്റഡ് സോഫ്റ്റ് ട്രിങ്ക്‌സിന്റെ വില്പനയില്‍ നാലു ശതമാനവും നോണ്‍ കാര്‍ബനേറ്റഡ് വിഭാഗത്തില്‍ പെടുന്ന ഡ്രിങ്ക്‌സിന്റെ കാര്യത്തില്‍ മൂന്നു ശതമാനവുമാണ് ഇടിവ്.