നാവികര്‍ തിരിച്ചെത്തി; മടക്കം വധശിക്ഷയില്ലെന്ന് ഉറപ്പു കിട്ടിയതിനുശേഷം

single-img
22 March 2013

Italianഇറ്റലിയില്‍ വോട്ടിടാന്‍ പോയശേഷം തിരികെ വരില്ലെന്ന് തീരുമാനിച്ച ഇറ്റാലിയന്‍ നാവികര്‍ കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും സമ്മര്‍ദത്തിനൊടുവില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇറ്റലിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നാവികര്‍ എത്തിയത്. സുപ്രീംകോടതി നല്‍കിയ ജാമ്യ കാലാവധി അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിച്ച സാഹചര്യത്തില്‍ ഇന്നലെ രാത്രിതന്നെ സൗത്ത് അവന്യുവിലെ പ്രത്യേക പോലീസ് സ്‌റ്റേഷനിലെത്തി നാവികര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതേസമയം, നാവികര്‍ക്കെതിരേ വധശിക്ഷയുണ്ടാകില്ല എന്ന ഉറപ്പു നല്‍കിയതിനു ശേഷമാണു നാവികരെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കാന്‍ ഇറ്റലി തയാറായതെന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. ഇതിനായി രണ്ടുമൂന്നു കാര്യങ്ങളില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സംശയമുന്നയിച്ചെന്നും ഇതു സംബന്ധിച്ച് നിയമതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.