ലോകകപ്പുയര്‍ത്താന്‍ ടെസ്റ്റ് ക്രിക്കറ്റ് റെഡി

single-img
21 March 2013

ക്രിക്കറ്റിന്റെ ജനപ്രിയത കൈമോശം വരാതിരിക്കാന്‍ സമയാസമയങ്ങളില്‍ രംഗത്തെത്തിയ നൂതന ആശങ്ങള്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഏകദിന-ട്വന്റി ട്വന്റി മത്സര പരമ്പരകളും അവയുടെ ലോകകപ്പുകളും ആരാധക ഹൃദയങ്ങളില്‍ ക്രിക്കറ്റിന്റെ ഉത്സവകാലം തീര്‍ക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനു അധിക കാലം ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലല്ലോ. ആരാധകര്‍ കുറയുന്നു എന്ന ആശങ്കകള്‍ക്കിടയില്‍ നില്‍ക്കുന്ന ടെസ്റ്റിനും ലോകകപ്പ് പോരാട്ട വേദി ഒരുങ്ങുന്നു. 2017 ലാണ് ആദ്യ ടെസ്റ്റ് ലോകകപ്പ് നടക്കുന്നത്. ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ട് ആണ് പ്രഥമ ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിനു ആതിഥ്യമരുളുന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ലോകകപ്പ് ക്രിക്കറ്റിനു ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യയിലാകും നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങളെടുക്കാനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രമുഖ ടീമുകളായ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നിവയുടെ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗം ഉടന്‍ തന്നെ ഓക്‌ലന്റില്‍ ചേരും.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ ലോകകപ്പെത്തുമ്പോള്‍ കളി നീണ്ട് വിരസത നിറയാതിരിക്കാനുള്ള കാര്യത്തിലാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തീരുന്ന വിധമായിരിക്കും ടൂര്‍ണമെന്റ് ആസൂത്രണം ചെയ്യുന്നത്. റാങ്കില്‍ ആദ്യ നാലു സ്ഥാനത്തു നില്‍ക്കുന്ന ടീമുകള്‍ തമ്മില്‍ മൂന്നു മത്സരം നടത്തി ശേഷം ഫൈനല്‍ എന്ന രീതിയിലോ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി ഏറ്റവും മികച്ച രണ്ടു ടീമുകള്‍ ഫൈനലില്‍ എത്തുന്ന രീതിയിലോ ആയിരിക്കും ലോകകപ്പ് നടത്തുന്നത്. സമനിലയില്‍ കാര്യങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ആറാമതൊരു ദിവസം കൂടി അനുവദിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.