റെയ്‌സ് – 2 കുട്ടികളെ പഠിപ്പിക്കുന്നത് അച്ചടക്കമില്ലായ്മ

single-img
21 March 2013

യാതൊരു നിയന്ത്രണവുമില്ലാതെ സിനിമയിലൂടെ നഗ്നതാ പ്രദര്‍ശനവും അശ്ലീലതയും സമൂഹത്തിലേയ്ക്ക് പടച്ചുവിടുന്നവര്‍ക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. അടുത്തിടെ പുറത്തിറങ്ങിയ ബോളിബുഡ് ബിഗ് ബജറ്റ് ചിത്രമായ റെയ്‌സ്- 2 ആണ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്നത്. ചിത്രത്തിന്റെ അശ്ലീലമായ ഉള്ളടക്കം പൊതു സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ അച്ചടക്കരാഹിത്യമാണ് വളര്‍ത്തുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി കുറ്റപ്പെടുത്തി. നമ്മുടെ ചലച്ചിത്രമേഖല എവിടേയ്ക്കാണെന്ന് ദയവായി ചിന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി. മുരുകേശനും ജസ്റ്റിസ് വി.കെ.ജെയ്‌നും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു. റെയ്‌സ് 2 നു യു/ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സാമൂഹിക പ്രവര്‍ത്തകയായ ടീന ശര്‍മ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. റെയ്‌സ് 2 ല്‍ ആക്ഷേപകരമായ നിരവധി ഘടങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ചിത്രത്തിലെ നഗ്നത നിറഞ്ഞുനില്‍ക്കുന്ന സീനുകളും ദ്വയാര്‍ഥ പദപ്രയോഗങ്ങളും കണ്ട് താന്‍ ഞെട്ടിപ്പോയതായും ടീന ശര്‍മ ഹര്‍ജിയില്‍ ആരോപണമുന്നയിച്ചു. സിനിമ നിരോധിക്കണമെന്ന ആവശ്യം ഹര്‍ജിയില്‍ പറയുന്നുണ്ടെങ്കിലും ചിത്രം ഇതിനകം റിലീസ് ചെയ്ത് കഴിഞ്ഞു. അന്‍പതു രാജ്യങ്ങളില്‍ റെയ്‌സ് -2 പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ബ്രിട്ടനിലും അമേരിക്കയിലും ഉള്‍പ്പെടെ നാല്പതു രാജ്യങ്ങളില്‍ ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യയില്‍ പന്ത്രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വരെ കാണാന്‍ അനുമതി നല്കുന്ന എ/യു സര്‍ട്ടിഫിക്കറ്റ് ആണ് നല്കിയത്. ഹര്‍ജിയില്‍ പ്രതികരണമാരാഞ്ഞ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഡല്‍ഹി ഗവണ്‍മെന്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. റഎയ്‌സ് 2 വിനെതിരായ പരാതി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹവണ്‍മെന്റിനു കോടതി നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാതെവന്നതോടെയാണ് ടീന ശര്‍മ വീണ്ടും കോടതിയെ സമീപിച്ചത്.