മുംബൈ സ്‌ഫോടനം : യാക്കൂബ് മേമന് വധശിക്ഷ തന്നെ ;സഞ്ജയ് ദത്തിന് അഞ്ചു വര്‍ഷം തടവ്

single-img
21 March 2013

രാജ്യത്തെ നടുക്കിയ 1993 മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. അനധികൃതമായി ആയുധം സൂക്ഷിച്ച കുറ്റത്തിനു ബോളിവുഡ് താരം സഞ്ജയ് ദത്തിന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചു. കേസില്‍ വിചാരണ നടത്തിയ ടാഡ കോടതിയുടെ വിധിയാണ് സുപ്രീം കോടതി ശരിവച്ചത്. കേസില്‍ വധശിക്ഷ ലഭിച്ച മറ്റു പത്ത് പ്രതികളുടെ ശിക്ഷ ജീവപര്യമാക്കിക്കുറച്ചു.

സഞ്ജയ് ദത്തിനു ടാഡ കോടതി വിധിച്ച ആറു വര്‍ഷം തടവു ശിക്ഷ പരമോന്നത കോടതി അഞ്ചു വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. ഇതിനകം 16 മാസം ജയിലില്‍ കഴിഞ്ഞതു പരിഗണിച്ച് ഇനി മൂന്നര വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാല്‍ മതി. നാലാഴ്ചക്കകം കീഴടങ്ങാനും കോടതി ഉത്തരവിട്ടു.
മുംബൈ സ്‌ഫോടനത്തിനു ഒരു മാസത്തിനു ശേഷമാണ് സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അദേഹത്തിന്റെ വീട്ടില്‍ നിന്നും ഒന്‍പത് എംഎം പിസ്റ്റളും എകെ 56 റൈഫിളുകളും കണ്ടെടുത്തതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മുംബൈ സ്‌ഫോടനത്തിനായി കൊണ്ടു വന്ന ആയുധങ്ങളില്‍പെട്ടതാണ് അവയെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് സ്‌ഫോടനത്തിന്റെ ഗൂഡാലോചനയിലും പങ്കുണ്ടെന്ന് സഞ്ജയ് ദത്തിനു മേല്‍ കുറ്റമാരോപിക്കപ്പെട്ടു. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ 16 മാസത്തെ കഴിഞ്ഞതിനു ശേഷം ജാമ്യം ലഭിച്ചു. 2006 ല്‍ ടാഡ കോടതി ഗൂഡാലോചനക്കുറ്റത്തില്‍ നിന്നും സഞ്ജയ് ദത്തിനെ ഒഴിവാക്കുകയും അനധികൃതമായി ആയുധം കൈവശം വച്ചതിനു കുറ്റക്കാരനായി കണ്ടത്തുകയും ചെയ്തു. 2007 ജൂലൈയില്‍ ആറു വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 2 ന് അറസ്റ്റിലായ ദത്ത് ഒരു മാസത്തോളം പൂന യേര്‍വാദ ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം ലഭിക്കുകയുമായിരുന്നു.
നിലവില്‍ ബോളിവുഡില്‍ സഞ്ജയ് ദത്തിനെ നായകനാക്കി മൂന്നു ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങ് തടസ്സപ്പെട്ടാല്‍ 70 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
1993 ല്‍ മുംബൈയുടെ ഹൃദയഭാഗങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പോര്‍ മരിക്കുകയും 700 റിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.