സൗദിയില്‍ ഫ്രീ വിസ അവസാനിപ്പിക്കുന്നു

single-img
20 March 2013

സൗദി അറേബ്യ വിദേശ തൊഴിലാളികള്‍ക്കു ഫ്രീ വിസ നല്കുന്നത് അവസാനിപ്പിക്കുന്നു. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി എടുക്കുന്നവര്‍ക്കും അവരെ സഹായിക്കും എതിരെ കര്‍ശന നടപടികളെടുക്കാനാണ് തൊഴില്‍ നിയമത്തിലെ ഭേദഗതി വരുത്തിക്കൊണ്ട് സൗദി മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അനധികൃതമായി ഫ്രീ വിസ നല്‍കുന്നത് കര്‍ശനമായി നിരീക്ഷിച്ച് വിസ റദ്ധു ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊഴിലല്‍ മന്ത്രാലയം അറിയിച്ചു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചതും ജോലിസ്ഥലങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഒളിച്ചോടുന്നത് വര്‍ദ്ധിച്ചതുമാണ് പുതിയ തീരുമാനത്തിനു കാരണം. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതിയില്‍ തീരുമാനമെടുത്തത്.

ഇരുപത്തിയഞ്ചു ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് സൗദിയില്‍ ഫ്രീ വിസയില്‍ ജോലി നോക്കുന്നത്. അതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്. രണ്ടു ലക്ഷത്തോളം മലയാളികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. കര്‍ശനമായ നിയമം പിടിമുറുക്കുന്നതോടെ ഇവര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാകും കേരള സമ്പദ്ഘടനയിലുണ്ടാകുന്നത്.