ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ചു; പ്രമേയത്തിന്റെ കാര്യത്തില്‍ ഇന്ത്യ മലക്കം മറിഞ്ഞു

single-img
20 March 2013

parliament1-300x231ശ്രീലങ്കന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിച്ച് ഡിഎംകെ മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. അഴഗിരി ഒഴികെയുള്ള നാല് ഡിഎംകെ മന്ത്രിമാരാണ് നേരിട്ടെത്തി പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. രാവിലെ മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. ഉച്ചയ്ക്ക് മുന്‍പ് എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി കാണാമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് മന്ത്രിമാര്‍ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി രാജിക്കത്ത് നല്‍കിയത്.

അതേസമയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയ്‌ക്കെതിരേ ശക്തമായ പ്രമേയം വേണമെന്ന നിലപാടുമായി ഇന്ത്യ രംഗത്തെത്തി. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കമല്‍നാഥ്, മനീഷ് തിവാരി എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ ഇന്നലെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനം.