‘ചാക്ക്’ ചാക്കിലായി

single-img
19 March 2013

vn-radhakrishnanകോളിളക്കം സൃഷ്ടിച്ച മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തുടര്‍ന്നു സിബിഐയുടെ കൊച്ചി ആസ്ഥാനത്തേക്കു കൂടുതല്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ശശീന്ദ്രന്റെ മരണം അന്വേഷിക്കുന്ന സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണു പാലക്കാട് റസ്റ്റ്ഹൗസിലേക്കു ചോദ്യം ചെയ്യാനെന്നു ധരിപ്പിച്ചു വിളിച്ചുവരുത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടക്കത്തില്‍ മൂന്നാം പ്രതിയായിരുന്ന രാധാകൃഷ്ണനെ അവസാനഘട്ടത്തില്‍ ഒന്നാം പ്രതിയാക്കിയാണു സിബിഐ അറസ്റ്റ് ചെയ്തത്. ഇതു ശശീന്ദ്രന്‍ കേസിനെ വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്.

രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മൊഴിയും മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസും ശശീന്ദ്രന്റെ മരണവും തമ്മിലുള്ള ബന്ധവും കോര്‍ത്തിണക്കിയാണു സിബിഐ ഇയാളെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം നീണ്ട സിബിഐ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ രാധാകൃഷ്ണന്‍ അറസ്റ്റിലായത്. 2004-06 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്‌സില്‍ നടന്ന വ്യാപകമായ അഴിമതിക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ചയാളാണു ശശീന്ദ്രന്‍. ഈ അഴിമതിയില്‍ വി.എം രാധാകൃഷ്ണനു സുപ്രധാനമായ പങ്കുണെ്ടന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെയാണു ശശീന്ദ്രനെയും രണ്ടു മക്കളെയും ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണെ്ടത്തിയത്.