ഇറ്റലിയെ തള്ളിപ്പറഞ്ഞ് സോണിയ

single-img
19 March 2013

കടല്‍ക്കൊലക്കേസില്‍ ഉള്‍പ്പെട്ട നാവികരെ സംരക്ഷിക്കുന്ന ഇറ്റലി സര്‍ക്കാരിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. നാവികരെ തിരികെ ഇന്ത്യയിലെത്തിക്കാമെന്ന ഉറപ്പു ലംഘിച്ച സ്ഥാനപതിയ്ക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറ്റലിയെന്നല്ല ഒരു രാജ്യത്തിനും ഇന്ത്യയെ പരിഗണിയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രശ്‌നത്തിലുള്ള തന്റെ നയം സോണിയ ഗാന്ധി വ്യക്തമാക്കിയത്.

അതേ സമയം, ഇറ്റാലിയന്‍ സ്ഥാനപതിയെ ഇന്ത്യ വിട്ടു പോകാന്‍ അനുവദിക്കാത്ത സുപ്രീം കോടതി നടപടിയ്‌ക്കെതിരെ ഇറ്റലി രൂക്ഷ വിമര്‍ശനം നടത്തി. സ്ഥാനപതിയ്ക്ക് നയതന്ത്ര പരിരക്ഷ നിഷേധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറ്റലി കുറ്റപ്പെടുത്തി. വിയന്ന കണ്‍വന്‍ഷന്‍ പ്രകാരം സ്ഥാനപതിയ്ക്കു ലഭിക്കേണ്ട നയതന്ത്ര പരിരക്ഷയാണ് നിഷേധിക്കുന്നതെന്ന ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നാവികരെ തിരികെ എത്തിക്കാമെന്ന് സുപ്രീം കോടതിയിലെത്തി ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാഞ്ചീനി നല്‍കിയ ഉറപ്പു ലംഘിച്ചതിനെത്തുടര്‍ന്നാണ് പരമോന്നത കോടതി അദേഹത്തിനു നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് അറിയിച്ചത്. ഏപ്രില്‍ രണ്ടു വരെ മാഞ്ചീനി ഇന്ത്യ വിട്ടുപോകാന്‍ അനുവദിക്കരുതെന്നും കോടതി വിധിച്ചു. കേസില്‍ സുപ്രീം കോടതി അടുത്ത് വാദം കേള്‍ക്കുന്നത് ഏപ്രില്‍ രണ്ടിനാണ്.